കൊച്ചി. മോന്‍സന്‍ മാവുങ്കല്‍ പല ഉന്നതരെയും ചൊല്‍പ്പടിക്കു നിര്‍ത്തിയിരുന്നത് മസാജ് പാര്‍ലറിലെ അവരുടെ രഹസ്യ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടാണെന്ന് അഭ്യൂഹം, വീട്ടിലെ സ്വകാര്യ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വച്ചതായ മൊഴി പുറത്തുവന്നതോടെയാണ് ഈ സംശയം ഉയരുന്നത്. മോന്‍സനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയാണ് ക്യാമറയുണ്ടെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്കിയത്. പലരും പരാതി നല്‍കാത്തത് ബ്ലാക്ക് മെയിലിംഗ് ഭയന്നിട്ടാണെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി.കലൂരിലെ രണ്ട് വീട്ടില്‍ വെച്ച് നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു.

നോര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ മോന്‍സന്റെ വീട്ടിലെത്തിച്ച് വിവര ശേഖരണം നടത്തിയിരുന്നു.ഫോറന്‍സിക്ക് സംഘം ഇവിടെ നിന്ന് ചില തെളിവുകളും ശേഖരിച്ചിരുന്നു.കേസില്‍ ഉടന്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

നിലവില്‍ മോന്‍സന്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ എറണാകുളം എ സി ജെ എം കോടതിയുടെ അനുമതിയോടെയാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക. പിന്നീട് പ്രത്യേക പോക്‌സോ കോടതിയിലാകും തുടര്‍ നടപടികള്‍. അതിനിടെ വിദേശ മലയാളി അനിത പുല്ലയിലും മോന്‍സണുമായി സാമ്പത്തിക ഇടപാടുണ്ടെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. 15ലക്ഷം രൂപ മോന്‍,സണ്‍ ഇവരെ സഹായിച്ച് സഹോദരിയുടെ വിവാഹം നടത്തിയതായാണ് ഇന്നലെ പുറത്തുവന്ന ശബ്ദസന്ദേശത്തിലുള്ളത്. പല ഉന്നതരെയും മോണ്‍സണുമായി ബന്ധപ്പെടുത്തിയിരുന്നത് അനിയയാണെന്നും വിവരമുണ്ട്.