കല്ലുവാതുക്കല്‍ : മധ്യവയസ്ക്കനെ കുത്തി കൊലപ്പെടുത്തന്‍ ശ്രമിച്ച സഹോദരി പുത്രനായ യുവാവ് പോലീസ് പിടിയിലായി. കല്ലുവാതുക്കല്‍ കുന്നുപുറം ചരുവിള പുത്തന്‍ വീട്ടില്‍ അനന്തകുമാര്‍ (23) ആണ് പാരിപ്പളളി പിടിയിലായത്.

അനന്തകുമാറിന്‍റെ അമ്മ ഉഷയുടെ സഹോദരനായ പാമ്പുറം സ്വദേശി ഉണ്ണിക്കാണ് കുത്തേറ്റത്. കൂട്ടുകാരുമായി ചേര്‍ന്നുളള പ്രതിയുടെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഇയാള്‍ അമ്മുമ്മ ഗോമതിയെ സുഹൃത്തുകളുമായി ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഗോമതിയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളും സുഹൃത്തുകളും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു, വീട്ടിലെത്തിയ ഇയാള്‍ അമ്മയ്ക്ക്‌ അടിയേറ്റതിനെപ്പറ്റി അന്വേഷിക്കാന്‍ എത്തിയ അമ്മാവനായ ഉണ്ണിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കൈവശം കരുതിയിരുന്ന കത്തി എടുത്ത് ഇയാള്‍ അമ്മാവന്‍റെ നെഞ്ചില്‍ കുത്തി ആഴത്തില്‍ മുറിവേല്പ്പിച്ചു.

ബന്ധുക്കളും പരിസരവാസികളും ചേര്‍ന്ന് ഉണ്ണിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികത്സയ്ക്കായി പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പാരിപ്പളളി ഇന്‍സ്പെക്ടര്‍ അല്‍ജബര്‍.എ. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജയിംസ്, പ്രദീപ്, എ.എസ്.ഐ അഖിലേഷ്, സി.പി.ഓ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.