കൊല്ലം: കൃത്യനിര്‍വ്വഹണത്തിനിടയില്‍ സ്വജീവതം രാജ്യത്തിന് വേണ്ടി ഹോമിച്ച പോലീസ് സേനാംഗങ്ങളെ കൊല്ലം സിറ്റി പോലീസ് അനുസ്മരിച്ചു. ദേശീയ പോലീസ് അനുസ്മരണ ദിനത്തിന്‍റെ ഭാഗമായി കൊല്ലം സിറ്റി ഡിസ്ട്രിക് ഹെഡ് ക്വാര്‍ട്ടറില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന്‍റെ നേതൃത്വത്തിലാണ് അനുസ്മരണ പരേഡ് നടന്നത്.

ദേശീയ തലത്തില്‍ 2020 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2021 ആഗസ്റ്റ് 31 വരെയുളള കാലയളവില്‍ കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ 377 പോലീസ് സേനാംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇവരില്‍ രണ്ട് പേര്‍ കേരള പോലീസില്‍ നിന്നുമാണ്. രാജ്യത്തിന്‍റെ അങ്ങോളം ഇങ്ങോളം സംഘടിപ്പിച്ച ചടങ്ങുകളില്‍ നാടിന് വേണ്ടി ജീവത്യാഗം ചെയ്ത ഈ 377 പേരെ അനുസ്മരിച്ചതിനൊപ്പമാണ് കൊല്ലം സിറ്റിയിലും അനുസ്മരണ ചടങ്ങ് നടന്നത്. ഇവരുടെ പേരുകളും ജീവനഷ്ടത്തിനിടയാക്കിയ സംഭവങ്ങളും സിറ്റി പോലീസ് മേധാവി പരേഡിന് ഇടയില്‍ അനുസ്മരിച്ച് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ആദരം അര്‍പ്പിച്ചു.

അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ സോണി ഉമ്മന്‍കോശി, എ.പ്രതീപ്കുമാര്‍, ജി.ഡി. വിജയകുമാര്‍, ഷൈനു തോമസ്, ബി. ഗോപകുമാര്‍, പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍ തുടങ്ങി ജില്ലയിലെ പോലീസ് സേനാംഗങ്ങളും പരേഡില്‍ പങ്കെടുത്തു