തിരുവനന്തപുരം. സിപിഎമ്മിനോടും സർക്കാരിനോടുo അകൽച്ച തുടരുന്ന ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് വൈകാതെ കോൺഗ്രസിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.

ചെറിയാൻ ഫിലിപ്പിന് നേതൃത്യം നൽകിയ ഉറപ്പുകളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സി പി എമ്മിലെ ഒരു വിഭാഗത്തിൻ്റെ നിലപാട്.ചെറിയാൻ ഫിലിപ്പിനെ തിരിച്ചെത്തിക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

കോൺഗ്രസിന്റെ ആപത്തു കാലത്ത് ഇടതുപാളയത്തിലേക്ക് ചേക്കേറിയവർക്കുള്ള നല്ല മറുപടിയാണ് ക്ലീൻ ഇമേജ് ഇന്നുമുള്ള ചെറിയാന്റെ വരവ് എന്ന് നേതൃത്വം വിലയിരുത്തിക്കഴിഞ്ഞു.


20 വർഷങ്ങൾക്കുശേഷമാണ് ചെറിയാൻ ഫിലിപ്പ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് അകന്നു തുടങ്ങുന്നത്. ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നിരസിച്ചതിന് പിന്നാലെ
കോടിയേരി ബാലകൃഷ്ണൻ മുൻകൈയെടുത്ത് ചെറിയാനെ അനുനയിപ്പിക്കാൻ നീക്കം നടന്നിരുന്നു.എന്നാൽ സി പി എം തന്നെ തഴഞ്ഞുവെന്ന വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയാണ് ചെറിയാൻ ഫിലിപ്പ്.


മടക്കം സംബന്ധിച്ച് നേരിട്ടൊരു ഉത്തരം നൽകുന്നില്ലെങ്കിലും ഇടതുപക്ഷത്തോട് ഗുഡ് ബൈ പറയാൻ അധികം താമസം ഉണ്ടാകുന്നില്ലെന്ന സൂചനയാണ് ചെറിയാൻ ഫിലിപ്പിനോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. കോൺഗ്രസിലേക്ക് ചെറിയാൻ ഫിലിപ്പ് തിരിച്ചെത്തുവെന്ന ചർച്ചകൾക്ക് ബലംപകരുന്നതാണ് ഉമ്മൻ ചാണ്ടിയ്ക്ക് ഒപ്പം ചെറിയാൻ ഫിലിപ്പ് തിങ്കളാഴ്ച വേദി പങ്കിടുന്നത്.


ലീഗ് നേതാവ് അവുക്കാദർകുട്ടി നഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിന് നൽകുന്നത് ഉമ്മൻ ചാണ്ടിയാണ്.കോൺഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാർഡ് നൽകി ആദരിക്കുന്ന റോളിൽ ഉമ്മൻ ചാണ്ടി എത്തുന്നത് ഇത് ആദ്യം.
ചെറിയാൻ ഫിലിപ്പ് തിരിച്ച് എത്തിയാൽ രാഷ്ട്രീയപരമായി നേട്ടമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.അതേസമയം ചെറിയാൻ ഫിലിപ്പിന് എല്ലാവിധ പരിഗണനയും നൽകിയിട്ടുണ്ടെന്നാണ് സി പി എം നിലപാട്.