കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പുകൾ.. തെരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പുകൾ തീരുമാനം.. ഇത് കെ സുധാകരനും വിഡി സതീശനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ…

സംഘടനാ തിരഞ്ഞെടുപ്പ് വഴി പാർട്ടിയുടെ കടിഞ്ഞാൺ കൈകളിൽ എത്തും എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പ്രതീക്ഷ. അംഗത്വ വിതരണത്തിലൂടെ തെരഞ്ഞെടുപ്പു നടത്തിയാൽ കെ സി വേണുഗോപാൽ, കെ സുധാകരൻ, വി.ഡി സതീശൻ വിഭാഗങ്ങൾക്ക് കനത്ത തിരിച്ചടി ഉണ്ടാകും. ഇതു മനസ്സിലാക്കി ഗ്രൂപ്പുകളുമായി ധാരണയുണ്ടാക്കാൻ സുധാകരനും സതീശനും ശ്രമം തുടങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചു കഴിഞ്ഞു. അടുത്തമാസം ഒന്നു മുതലാണ് കോൺഗ്രസ് അംഗത്വ വിതരണം. ഈ സാഹചര്യത്തിൽ താഴെതട്ടിൽ ഗ്രൂപ്പുകൾ രഹസ്യ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ഏപ്രിൽ മൂന്നാം വാരം മുതലാണ് തെരഞ്ഞെടുപ്പ്. അടുത്തവർഷം ആഗസ്റ്റ് മാസത്തോടെ പുതിയ കെപിസിസി അധ്യക്ഷൻ ചുമതല ഏൽക്കും. നിലവിലെ സാഹചര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ തീരുമാനിക്കുന്ന നേതാവ് കെപിസിസിയുടെ അമരക്കാരനാകും.

അതിനിടയിൽ കെപിസിസിയും പോഷകസംഘടന നേതൃത്വവും പിടിച്ചെടുക്കാൻ കെ സി വേണുഗോപാൽ കരുനീക്കം തുടങ്ങിയെന്നാണ് സൂചന. ഐ വിഭാഗത്തിൽ നിന്നും കൂടുതൽ നേതാക്കളെ അടർത്തി കൂടെ നിർത്താനാണ് വേണുഗോപാലിന്റെ ശ്രമം. അതേസമയം കെപിസിസി പുനസംഘടനയെ എതിർക്കേണ്ടെന്നാണ് മുതിർന്ന നേതാക്കളായ ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും തീരുമാനം.

പക്ഷേ ഡിസിസി തലത്തിൽ പുനസംഘടന നടത്തുന്നതിനോട് ഇരുവരും വിയോജിപ്പ് പ്രകടിപ്പിച്ചേക്കും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു വിഭാഗം നേതാക്കൾ ഭാരവാഹി നിയമനത്തെ എതിർക്കുന്നുണ്ട്. കീഴ്വഴക്കം ചൂണ്ടിക്കാട്ടി നിലവിലെ കമ്മിറ്റികൾ തുടരണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.