കൊച്ചി. പോക്സോ കേസില്‍ മോൺസൺ മാവുങ്കലിന് എതിരെ അന്വേഷണം ആരംഭിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് മോൺസൺ എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. മോണ്‍സണിന്‍റെ സ്ഥാപനത്തിലെ ജോലിക്കാരിയും ഭര്‍ത്താവുമാണ് പരാതി നല്‍കിയത്.

പരാതി ഒതുക്കാൻ മോൺസൺന്‍റെ ഗുണ്ടകൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചു.

പീഡനത്തെത്തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു. മറ്റ് പലപെണ്കുട്ടികളെയും ഇയാള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ഇയാള്‍ പൂര്‍ണമായ പഠനചെലവു നല്‍കാമെന്ന വാഗ്ദാനത്തില്‍ നിരവധി കുട്ടികളെ ഏറ്റെടുത്തിരുന്നു. ഇവരില്‍ പലരും സ്ഥാപനവുമായും മ്യൂസിയവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും സൂചനയുണ്ട്.

ഇത്തരത്തിലാണെങ്കില്‍ ഉത്തരേന്ത്യയിലെയും മറ്റുംപോലെ ഏറെ ഗൗരവമുള്ള കേസാകുമിത്. എന്നാല്‍ ഇതിന്‍റെ അന്വേഷണം പല ഉന്നതരിലേക്കുമെത്തുന്നത് മൂലം മരവിക്കാനിടയുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മോന്‍സനുമായി സഹകരിച്ചിരുന്ന പലരും പെണ്‍വിഷയത്തില്‍ നല്ല പശ്ചാത്തലമുള്ളവരല്ല എന്നതാണ് ഈ സംശയത്തിന് കാരണമാകുന്നത്.

നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.