കോഴിക്കോട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിനോദസഞ്ചാരത്തിനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ അറസ്റ്റിലായി . കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോക്സോ കോടതിയില്‍ ഹാജരാക്കും.

വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് സംഘം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സുഹൃത്തായ യുവാവാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.

പീഡന വിവരം പുറത്ത് അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നും യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ അവരുടെ ബന്ധുവീടിന് സമീപം കൊണ്ടെത്തിച്ച ശേഷം കടന്നുകളയുകയും ചെയ്തു.