വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ ജനമനസില്‍ ഇടം നേടിയ കേരള രാഷ്ട്രീയത്തിലെ അതികായൻ വി എസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാൾ..വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വം ആവർത്തിക്കുമ്പോഴും സാധാരണക്കാർക്ക് വി.എസ് എന്ന രണ്ടക്ഷരം കണ്ണും കരളുമാണ്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വേലിക്കത്ത് ശങ്കരൻ അച്യുതൻ്റെ ജീവചരിത്രം കൂടിയാണ്. 4-ാം വയസ്സിൽ അമ്മയും 11-ാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ടതിനെ തുടർന്ന് കഷ്ടത്തിലായ ബാല്യം.14-ാം വയസ്സിൽ പ്രസ്ഥാനത്തിൻ്റെ ഭാഗമായി. പട്ടിണിയും പരിവെട്ടവും അനുഭവിച്ച്
മർദ്ദിതരുടെ മോചനത്തിനായിയാണ് അച്യുതാനന്ദൻ എന്ന ബാലൻ ചെങ്കൊടി കൈയ്യിലേന്തുന്നത്.

പി കൃഷ്ണപിള്ളയുടെ നിർദ്ദേശ പ്രകാരം കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യുണീയൻ പ്രസ്ഥാനത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൻ്റെ ഭാഗമായി.വയലാറിലെ പോരാട്ടത്തിന്‍റെ ഭാഗമായി, 46 ൽ പൂഞ്ഞാറിൽ കൊടിയ മർദ്ദനമേറ്റു

പുന്നപ്ര വയലാറിലെ തീഷ്ണ സമരങ്ങളിലൂടെയും പാര്‍ട്ടി പിന്നിട്ട കനല്‍പ്പാതകളിലൂടെയും ആർജിച്ച വിപ്ലവ വീര്യവുമാ യാണ് 98-ാം വയസ്സിൽ വി എസ് എത്തി നിൽക്കുന്നത്. തൻ്റെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് 80 വയസ് തികയുമ്പോഴാണ് വി എസിൻ്റെ 98-ാം പിറന്നാൾ എന്നതും ശ്രദ്ധേയം.

1957 ൽ സി പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി.1964 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് 31പേർക്ക് ഒപ്പം ഇറങ്ങി പുതിയ പാർട്ടി രൂപീകരിച്ചതിൽ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തി.

തിരുവിതാംകൂറിൽ നിന്ന് പാർട്ടിയ്ക്ക് ഒരേ ഒരു സെക്രട്ടറിയെ ഉണ്ടായിട്ടുള്ളൂ അത് വി എസ് ആണ്. പിന്നീട് 1980 മുതൽ 92 വരെ പാർട്ടിയെ നയിച്ചു.98 ൽ പാലക്കാട്ട് ശത്രുസംഹാരം നടത്തി, കൂടെ നിന്ന പിണറായിയെ സെക്രട്ടറിയാക്കി. പി ബി അംഗമായപ്പോൾ പിണറായി മറന്നുവെന്ന് വി എസ് ഇന്നും പറയും.

98 മുതലാണ് പാർട്ടിയ്ക്ക് പുറത്തേക്കുള്ള വളർച്ച.പാർട്ടിയോടും, ശത്രുക്കളോടും കലഹിച്ചും പോരടിച്ചുമാണ് വി എസിൻ്റെ പിന്നീടുള്ള യാത്രകൾ എല്ലാം.കൃഷ്ണപിള്ളയുടെ നിഴലിൽ രാഷ്ട്രീയത്തിൽ എത്തിയ വി എസിന് പിന്നീട് നിഴൽ പോലും ഒപ്പം ഇല്ലായിരുന്നു.പരിസ്ഥിതി – സ്ത്രീ- മനുഷ്യാവകാശങ്ങൾ, വ്യവഹാരങ്ങൾക്ക് ഒപ്പം ഒറ്റയ്ക്ക് യാത്ര തുടർന്നു.2006ലും 2011 ലും നേതൃത്വം സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ പൊതു സമൂഹം ഒപ്പം ചേർന്നു.

പാർട്ടിയുടെ വേലിയ്ക്ക് പുറത്തേക്ക് മാറ്റാൻ കരുനീക്കങ്ങൾ ഉണ്ടായപ്പോഴും കുലുങ്ങാതെ നിന്ന വി എസ്
സി പി എം പ്രതിസന്ധി നേരിടുമ്പോൾ നെഞ്ചും വിരിച്ച് ചെറുത്തു നിന്നു.ടി പി വധത്തിൻ്റെ നാളുകളിൽ തൻ്റെ പ്രിയ സഖാവിന് ആദരാഞ്ജലി അർപ്പിക്കാൻ ഒഞ്ചിയത്തിലെ ചുവന്ന മണ്ണിൽ വി എസ് എത്തിയപ്പോൾ സി പി എം കേന്ദ്രങ്ങൾ ഞെട്ടി വിറച്ചു. പിന്നീട് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ഡാങ്കയോട് ഉപമിച്ചതും വി എസ് നേതൃത്വത്തിൻ്റെ കണ്ണിലെ കരടായി. ഒടുവിൽ22 വർഷത്തെ പിബി അംഗത്വത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും വി എസ് തലകുനിക്കാൻ തയ്യാറായില്ല. സഹജമായിട്ടും വി എസ് റിബൽ ആയിരുന്നു.സമരം മറന്നാൽ കമ്മ്യൂണിസ്റ്റാകില്ല എന്ന് വി എസ് ഇന്നും ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.