തിരുവനന്തപുരം . വാഹന പരിശോധനയ്ക്കിടെ തെറ്റായി വിവരം നൽകി പൊലീസിനെ കമ്പളിപ്പിച്ച ശേഷം നവ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്.

കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസെടുത്തത്. അയോധ്യയിലെ ദശരഥൻ്റെ മകൻ രാമനെന്ന് പേരും, വിലാസവും നൽകിയ യുവാവ് പൊലീസിനെ കമ്പളിപ്പിച്ചത് ,നവമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിവെച്ചിരുന്നു

ഒടുവിൽ ദശരഥ പുത്രൻ രാമൻ്റെ യഥാർത്ഥ പേരും വിലാസവും ചടയമംഗലം പൊലീസ് കണ്ടെത്തി. ആളുടെ സ്ഥലം കാട്ടാക്കടയ്ക്കടുത്തുള്ള മൈലാടി, യഥാർത്ഥ പേര് നന്ദകുമാർ ,ഈ മാസം പന്ത്രണ്ടിനാണ് നന്ദകുമാർ സീറ്റ് ബെൽറ്റിടാതെ വാഹനമോടിച്ചതിന് പൊലീസിൻ്റെ പിടിയിലായത്.അഞ്ഞൂറ് രൂപ പിഴയൊടുക്കിച്ച പൊലീസിനോടാണ് നന്ദകുമാർ തെറ്റായ മേൽ വിലാസം നൽകിയത്.

സ്ഥലം അയോദ്ധ്യയെന്നും, അച്ചൻ്റെ പേര് ദശരഥൻ എന്നും സ്വന്തം പേര് രാമനെന്നും നന്ദകുമാർ പറഞ്ഞു.നന്ദകുമാർ നൽകിയത് തെറ്റാണെന്ന് മനസിലായെങ്കിലും പേരെന്താണെങ്കിലും സർക്കാരിന് കാശ് കിട്ടിയാൽ മതിയെന്നായിരുന്നു പിഴയൊടുക്കിയ പൊലീസ് ഉദ്യോഗസ്ഥൻ്റെ മറുപടി.എന്നാൽ കള്ളം പേരും വിലാസവും നൽകി പൊലീസിനെ ട്രോളിയ വീഡിയോ നന്ദകുമാർ പ്രചരിപ്പിച്ചതോടെയാണ് പൊലീസ് കെസെടുത്തതും ആളെ കണ്ടെത്തിയതും.

ഐ.പി.സി. 419, കേരള പൊലീസ് ആക്ട് 121, മോട്ടോർ വാഹന നിയമത്തിലെ 179 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ അറസ്റ്റ് രേഖപ്പെടുത്തി നവ മാധ്യമങ്ങളിൽ നേരിട്ട അപമാനത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്