അടൂര്‍ . അര്‍ധരാത്രി കാര്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം പൂത്തോട്ട മണകുന്നം ആലുങ്കല്‍ വീട്ടില്‍ രാജ്കുമാര്‍ (38), കൊടുമണ്‍ ഐക്കാട് കരിവിലക്കോട് അമ്പലത്തിന് സമീപം സിന്ധുഭവനില്‍ സുനില്‍ (38), തിരുവനന്തപുരം ആര്യനാട് കോട്ടയ്ക്കകം പറന്തോട് റോഡരികത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കടമ്പനാട് കാലായിക്ക് കിഴക്ക് ഊരാളന്തി ജങ്ഷനില്‍ അഫ്സല്‍ മന്‍സിലില്‍ അഫ്സല്‍ (28), ഭാര്യ സൗമ്യ (24) എന്നിവരെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്. എംസി റോഡില്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ തിങ്കള്‍ രാത്രി 12.15 നാണ് സംഭവം. ഭരണിക്കാവില്‍ ഡോക്ടറെ കണ്ട് മടങ്ങുമ്പോള്‍ രാത്രി 11.50 ന് അടൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ കാര്‍ നിര്‍ത്തി അഫ്സലും ഒപ്പമുണ്ടായിരുന്ന സന്തോഷും ഇറങ്ങി.

മര്‍ദ്ദനമേറ്റ അഫ്സല്‍

കടയില്‍ ഭക്ഷണം ഉണ്ടോയെന്ന് അന്വേഷിക്കാന്‍പോയ സമയം മൂവര്‍ സംഘം കാറിനടുത്തെത്തി സൗമ്യയോട് അപമര്യാദയായി പെരുമാറി. അഫ്‌സലും സന്തോഷും മടങ്ങിയെത്തി കാറെടുത്ത് ഹൈസ്‌കൂള്‍ ജങ്ഷനിലേക്ക് പോയി.

ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കുറുകെ സ്‌കൂട്ടര്‍ നിര്‍ത്തി കാര്‍ തടഞ്ഞ് അഫ്സലിനേയും സൗമ്യയേയും മര്‍ദിച്ചതായാണ് കേസ്.
അഫ്സല്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാ ഉച്ചയോടെ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു