ആലപ്പുഴ. കക്കി, പമ്പഡാമുകൾ തുറന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. കുട്ടനാട് – അപ്പർകുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മുഴുവൻ ആളുകളെയും മാറ്റിത്തുടങ്ങി. ജലനിരപ്പ് ഉയരുമെങ്കിലും ആശങ്ക വേണ്ടെന്നും കടലിലേയ്ക്ക് നീരൊഴുക്ക് സുഗമമാണെന്നുമാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിലയിരുത്തൽ

കിഴക്കൻ വെള്ളത്തിൻ്റെ വരവും കക്കി, പമ്പാ ഡാമുകൾ തുറന്നതും കുട്ടനാട്ടിൽ ജലനിരപ്പുയർത്തി. വരും മണിക്കൂറിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റി. പള്ളാത്തുരുത്തി, നെടുമുടി,കാവാലം, കൈനകരി മേഖലകളിലും അപ്പർകുട്ടനാട്ടിലെ വീയപുരം, മുട്ടാർKUTTANAD,എടത്വ, തലവടി പ്രദേശങ്ങളിലും ജലനിരപ്പ് കുടുതലാണ്. തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നു. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവിടങ്ങളിലൂടെയും ജില്ലയിലെ ചെറുതും വലുതുമായ പൊഴികളിലൂടെയും വെള്ളം കടലിലേയ്ക്ക് ഒഴുകുന്നുണ്ട്.


അടിയന്തിര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മത്സ്യത്തൊഴിലാളി സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ എന്നിവർ ജില്ലയിലെ ദുരിതാശ്വാസ കാമ്പുകൾ സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി.ജില്ലയിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 1351കുടുംബങ്ങളിലെ 5275 പേരാണുള്ളത്.

പടം. ഫയല്‍ ചിത്രം