ചേര്‍ത്തല. അര്‍ത്തുങ്കലില്‍ 14കാരന്‍റെ മരണം പേവിഷബാധയെറ്റാണെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം. സ്രാമ്ബിക്കല്‍ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ നിര്‍മല്‍ രാജേഷ് ആണു മരിച്ചത്.

അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടി 16-നാണു മരിച്ചത്.

ഓഗസ്റ്റില്‍ നിര്‍മലിന്റെ അനുജന്‍ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു പോറലേറ്റിരുന്നു. വിഷബാധയേല്‍ക്കാതിരിക്കാന്‍ അന്ന് അതിനുചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഈയിടെ നിര്‍മലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കിളില്‍നിന്നു വീണതാണെന്നാണു വീട്ടുകാരോടു പറഞ്ഞതെങ്കിലും കൂട്ടുകാരോടു പട്ടിയില്‍നിന്നു മുറിവേറ്റതാണെന്നാണു പറഞ്ഞിരുന്നു.

വീട്ടില്‍ വളര്‍ത്തുന്ന പട്ടിയെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടില്‍ത്തന്നെ നിരീക്ഷിക്കുകയാണ്. പട്ടിയില്‍നിന്നു മുറിവുണ്ടായിട്ടും യഥാസമയം വാക്സിന്‍ സ്വീകരിക്കാത്തതാണു മരണ കാരണമെന്നാണു വിലയിരുത്തല്‍.

കുട്ടിയുമായി സമ്ബര്‍ക്കമുണ്ടായിരുന്ന 12 പേര്‍ക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പു നല്‍കി. തിങ്കളാഴ്ച ജില്ലാ ജാഗ്രതാ ഓഫീസര്‍ ഡോ. എസ്. ഷാജിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി വിവരങ്ങള്‍ തേടി.

പരിശോധിച്ച ഡോക്ടര്‍മാരുടെയും പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസിലും ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.