ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.. മൂന്ന് ദിവസം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.. ബുധനാഴ്ച്ച മുതൽ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..

ന്യൂനമർദ്ദം ദുർബലമായെങ്കിലും ബുധനാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും.
തുലാവർഷത്തിന് മുന്നോടിയായുള്ള കിഴക്കൻ കാറ്റിൻറെ സ്വാധീനമാണ് കാരണം. ഈ സാഹചര്യത്തിൽ ബുധനാഴ്ച്ച മുതൽ വെള്ളിയാഴ്ച്ച വരെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് ദിവസം മഴ തുടരുമെന്ന കാലാവസ്ഥ വിഭാഗത്തിൻറെ നിരീക്ഷണം സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ദുരന്തമുണ്ടായ കോട്ടയം, ഇടുക്കി ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ കനത്താൽ അപകട സാധ്യത കൂടുതലാണ്. ഈ ദിവസങ്ങളിൽ അറബിക്കടലിൽ മത്സ്യബന്ധനവും വിലക്കിയിട്ടുണ്ട്. അതേസമയം
ഇന്ന് രാത്രിവരെ
വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. തിരമാലകൾ മൂന്നു മീറ്റർ ഉയരത്തിൽ ആഞ്ഞടിക്കുമെന്നാണ് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ കേരള -ലക്ഷദ്വീപ് – കർണാടക മേഖലകളിൽ രാത്രി പതിനൊന്നരവരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല എന്നതാണ് ഏക ആശ്വാസം