കോഴിക്കോട്. കൊയിലാണ്ടിയില്‍ നിന്നും കാണാതായ വീട്ടമ്മയും ഒപ്പം ഉണ്ടായിരുന്ന യുവാവും ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ റിന്‍സി(29) കാണാതാകുന്നത്. റിന്‍സിയേയും മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിന്‍സിക്ക് നാല് വയസ്സുള്ള കുഞ്ഞുണ്ട്. സെപ്റ്റംബര്‍ 24 നാണ് റിന്‍സിയേയും നാല് വയസ്സുള്ള കുഞ്ഞിനേയും കാണാതായത്. ഇക്കഴിഞ്ഞ പത്താം തീയതി റിന്‍സിയേയും മുഹമ്മ് നിസാറിനേയും പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് 11ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.

മുഹമ്മദ് നിസാറിനൊപ്പം പോകണമെന്ന് റിന്‍സി കോടതിയില്‍ അറിയിക്കുകയായിരുന്നു. അധികൃതര്‍ ചൈല്‍ഡ് ലൈനിലാക്കിയ കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് റിന്‍സിയേയും നിസാറിനേയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാറും വിവാഹിതനാണ്. ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.