തിരുവനന്തപുരം. വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇന്നലെ അർദ്ധരാത്രിയാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്.. സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് നിലനിൽക്കുമ്പോഴാണ് കൈമാറ്റം..

ഇനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്റെ കൈകളിൽ. ഇന്നലെ അർദ്ധരാത്രിയാണ് വിമാനത്താവള നടത്തിപ്പ് അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡ് ഏറ്റെടുത്തത്.

ലളിതമായ ചടങ്ങിൽ എയർപോർട് ഡയറക്ടർ സി.വി രവീന്ദ്രൻ അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർപോർട്ട് ഓഫീസർ ജി മധുസൂദന റാവുവിന് രേഖകൾ കൈമാറി. 50 വർഷത്തേക്കാണ് കരാർ. സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പുകൾക്ക് ഇടയിലാണ് വിമാനത്താവള കൈമാറ്റം. ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക് നൽകണമെന്നാണ് പ്രധാന കരാർ.


അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് പരിഗണിക്കാൻ ഇരിക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്.
അതിനിടയിൽ
വിമാനത്താവളം പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.


നിലവിലുള്ള ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.