നിഷ്പക്ഷൻ

കേട്ടാൽ ചിരിക്കാതിരിക്കാനാവില്ല. മികച്ച അഭിനയവും വ്യാജ അകമ്പടികളും കൊണ്ട് ഒരു തട്ടിപ്പുകാരൻ അമ്മാനമാടിയത് കേരളത്തിലെ പൊലീസ് അടക്കം പല സംവിധാനങ്ങളുടെയും മാനമാണ്.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ് പത്താംക്ലാസ് വിദ്യാഭ്യാസം പോലും കൃത്യമായുണ്ടെന്ന് പറയാനരുതാത്ത ഒരു യുവതി ശാസ്ത്രോപദേഷ്ടാവിന്റെ വരെ പദവിയിൽ എത്തിയത്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസിലും പ്രൈവറ്റ് സെക്രട്ടറിമാരിലും അവർ പുലർത്തിയ സ്വാധീനം  ജനത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുമായിരുന്നു. ഒരു പക്ഷേ അതു തന്നെ പാശ്ചാത്യ ശൈലിയിൽ വളർന്നതായി നിഗളിക്കുന്ന മലയാളികൾക്ക് ആ സംവിധാനത്തെ തൂത്തെറിയാൻ മതിയാകുമെന്ന് പലരും കരുതി. ഒന്നുമുണ്ടായില്ല,അത് ഒരു പ്രശ്നമായി മലയാളി കണ്ടില്ല.

അതിനു മുമ്പത്തെ ഭരണത്തിൽ എന്തെല്ലാം ന്യായവാദങ്ങളും വികസന ചീട്ടുകളും നിരത്തിയിട്ടും അന്തപ്പുരത്തിൽ നിരങ്ങിയ ഒരു മഹിളയുടെ പേരിൽ ഭരണം മുട്ടുകുത്തിയത് കണ്ട നിലക്ക് അതിലുമെത്രയോ ഉയരെയായിരുന്നു ഒരു ഇടതുപക്ഷ ഭരണസംവിധാനത്തിൽ ഒരു വനിതയും അവർ വാലിൽ കെട്ടി കൊണ്ടു നടന്ന ഭരണകർത്താക്കളും നടത്തിയ കുൽസിത പ്രവർത്തനങ്ങൾ.  ഇപ്പോഴിതാ ഒരു വങ്കൻ പല വങ്കന്മാരെ വർഷങ്ങളായി ചെണ്ടകൊട്ടിച്ചതിന്റെ കഥകൾ ഒന്നൊന്നായി പുറത്തുവരുന്നു.
സർക്കാർ എന്നും ഭരണചക്രമെന്നും കരുതുന്ന വലിയ സംവിധാനങ്ങൾ എത്ര ബാലിശമാണെന്ന് ചിന്തിക്കേണ്ട നിലയാണ്.

മൊത്തത്തിൽ ഒരു തട്ടിപ്പു സംവിധാനം. അതിൽ കയറിപ്പറ്റുന്ന കുറേത്തട്ടിപ്പുവീരന്മാർ
നമ്മുടേതായ ഒരു ഉട്ടോപ്യൻ ഭരണക്രമം, അവിടെ നമ്മൾ  സ്വയം കൽപ്പിച്ച ഒന്നാം സ്ഥാനങ്ങളും മെഡലുകളും, പഠിക്കാതെ ഉയര്‍ച്ച നേടുന്ന കുട്ടികൾ, പണിയെടുക്കാതെ ജോലി വാങ്ങുന്ന യുവത, അധ്വാനിക്കാതെ കൂലി കിട്ടുന്ന തൊഴിലാളി, അണികളില്ലാതെ നായകനാകുന്ന നേതാവ് . ഇത്തരമൊരു സാമൂഹിക ക്രമത്തിന്റെ പ്രായോജകനാവുകയാണ് മലയാളി.

നമ്മുടെ ഭരണസംവിധാനത്തിൽ എത്ര അനായാസമാണ് തട്ടിപ്പുകാർ കയറി വിലസുന്നതെന്ന് നോക്കി പഠിക്കേണ്ടതാണ്. പൊലിസിലെ അനേകം ഓഫിസർമാരെ കറക്കി അടിച്ച ഒരു വനിത അടുത്തിടെ തലസ്ഥാനത്ത് വാർത്താതാരമായിരുന്നു. ജെയിംസ് ബോണ്ടുമാരെന്ന് സ്വയം വിശ്വസിക്കുന്ന പൊലിസ് ഓഫീസർമാരുടെ വലിയ അടുപ്പക്കാരിയാണിവരെന്ന് ഫോൺ സംഭാഷണങ്ങളിലും സന്ദേശങ്ങളിലും വ്യക്തം.


ഇപ്പോൾ മധ്യതിരുവിതാംകൂറിലെ മറ്റൊരു വനിതയും  അധികാര കേന്ദ്രങ്ങളുടെ ഉമ്മറങ്ങളിൽ നിലവിളക്കുമായി വിലസുന്നതും അവർ തട്ടിപ്പുകൾ പ്രൊമോട്ടു ചെയ്യുന്നതും കാണുന്നു. ബൗദ്ധിക സമ്പത്തുള്ള അനുഭവ പാരമ്പര്യമുള്ള എത്രയോ പേരെ പിന്തള്ളിയാണ് അവർ മലയാള സമ്മേളനത്തിന്റെ  തിരിഞെരടൽകാരിയായതെന്ന് ഓർക്കണം. ഇതിനെന്നും ചോദിക്കാനും പറയാനും ഇവിടെ ആളില്ലാതെ പോയതെന്നാണ്.


ഒരു ഉന്നത പൊലീസ് മേധാവി ഒരു കൊടും തട്ടിപ്പുകാരന് ചൂട്ടുപിടിച്ചത് മലയാളി എത്ര ലാഘവത്തോടെയാണ് ഉൾക്കൊള്ളുന്നത്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരം ചില ശിക്കാരിശംഭുമാരാണ് നയിക്കുന്നതെന്നറിയുന്നത് എന്ത് ലജ്ജാകരമാണ്. എല്ലാം തട്ടിപ്പാണെന്നും അതിൽ തന്റേത് തുഛമായൊരു വിഹിതമാണെന്നും ആശ്വസിച്ച് 
മുന്നോട്ടു പോവുകയാണ് മലയാളി .

എല്ലാ ഭരണ പ്രക്രിയയിലും ഉപദേശകർ പണ്ട് കാലം മുതലേ ഉണ്ടായിരുന്നു , പണ്ഡിത സഭ, രാജസഭ എന്നിങ്ങനെ പല പേരുകളിൽ ഭരണത്തലപ്പത്ത് അവരുണ്ടാകും. സ്ഥിരമായി നയ ചിന്തകളും മന്ത്രാലോചനയും മറ്റും നടക്കുന്നത് അവിടെയാണ്. നമുക്ക് ശമ്പളം വാങ്ങുന്ന ഉപദേശക വൃന്ദത്തിന് കുറവില്ല ഉപദേശമില്ല കയ്യടി മാത്രമേ ഉള്ളുവെന്നോ നൽകുന്നത് ദുരുപദേശമാണെന്നോ ധരിക്കേണ്ടിവരും.

രാഷ്ട്രീയ പാർട്ടികളിൽ പണ്ട് സൈദ്ധാന്തികന്മാരായ ഒരു വിഭാഗം ഉണ്ടായിരുന്നു. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ, ഏത് അധികാര പ്രമത്തന്‍റെയും മുഖത്ത് നോക്കി  നീതിയും ന്യായവും എന്താണ് എന്ന് പറയുന്നവർ,  ഇപ്പോൾ ആ വിഭാഗം കുറ്റിയറ്റു പോയിരിക്കുന്നു. ചൊല്ലുമില്ല വിളിയുമില്ല രാജഗുരുക്കളില്ല. ഭരിക്കുന്നവരെക്കാൾ വലിയ ആചാര്യന്മാരില്ല.

തട്ടിപ്പുകാരാണെന്ന് പേരു കേൾപ്പിച്ചവരെ തന്നെ വീണ്ടും കൈ കൊടുത്ത് മുകളിൽ കയറ്റുന്ന കാഴ്ച കാണുന്നത് സുഖകരമല്ല. പേരെടുത്ത പല അധികാര ദുർമോഹികളും . പെൻഷനായി പിരിയാൻ പോലും അനുവദിക്കാത്തതെന്താണ് . നിരന്തരം ജനകീയ വിചാരണക്കുവിധേയരായവരെ ഉന്നതസ്ഥാനത്തേക്ക് ഉന്തിക്കയറ്റുന്നത് ഒരു ഹരമായിത്തന്നെ കാണുന്നത് ജനത്തിന്റെ സാമാന്യ ബോധത്തോട് നിരന്തരം നടത്തുന്ന വെല്ലുവിളിയല്ലേ.

ആരാണീ സാമാന്യ ജനം,യുക്തി ചിന്തയില്ലാത്തവരുടെ എണ്ണം അനുദിനം സമൂഹത്തിൽ പെരുകാനുപകരിക്കുന്ന നടപടികൾ ആണ് നമ്മുടെ സർക്കാരുകൾ കാലങ്ങളായി ചെയ്തു പോരുന്നത്. വികല വിദ്യാഭ്യാസവും  വികല രാഷ്ട്രീയ നയവും മൂലം ബുദ്ധി മന്ദീഭവിച്ച ഒരു ജനത നമുക്കിടയിൽ പെരുകി വർദ്ധിച്ചതായി കണക്കാക്കണം. അതു തന്നെയാവണം ഒരു വികല ജനാധിപത്യം അന്ധരെ അന്ധര്‍നയിക്കുമെന്ന തരത്തില്‍ വളരാനിടയാക്കുന്നതെന്നും വിശ്വസിക്കേണ്ടിവരും.


അധികാരത്തിന്റെ സമ്മോഹനതയിലുള്ള ജീവിതം. അതാണ് ഭരണകർത്താക്കളായി എത്തുന്ന പലരും കാണിച്ചു കൂട്ടുന്നത്. ഒരു നാട്ടിലെത്തിയാൽ അവിടുത്തെ നാടുവാഴിയുമായി ബന്ധപ്പെടാനും കൈ കൊടുക്കാനും ഒപ്പം നിന്ന് പടമെടുക്കാനും താൽപ്പര്യം വരുന്നത് എന്തു രോഗമാണ്.  ഈ വ്യക്തിയാരാണെന്നും എന്താണെന്നും അപ്പോൾ ചുറ്റും കൂടിയവർ പറയുന്നത് കേൾക്കുന്നതല്ല ആ നാട്ടിൽ അത് അറിയാവുന്ന ഒരു സംവിധാനമുണ്ട് അതനുസരിച്ചു വേണം തീരുമാനമെടുക്കാൻ. രാഷ്ട്രീയ നേതൃത്വത്തിന് പാർട്ടിഘടകം, പൊലീസിന് മികച്ച ഒരു ഇന്റലിജൻസ് സംവിധാനം. ഇതിനെയൊക്കെ തട്ടിമാറ്റി ഒരു ബന്ധമുണ്ടെങ്കിൽ അതിന് മറ്റെന്തൊക്കെയോ താൽപര്യമുണ്ടെന്നേ കരുതാനാവൂ. നേരത്തേ കോൺഗ്രസാദി പാർട്ടികളായിരുന്നു ഇത്തരം പുറം പാർട്ടി ബന്ധങ്ങളിൽ കേമന്മാർ . പിൽക്കാലത്ത് ഇടതു പാർട്ടിയും നേതാക്കളും ഇതിലുള്ള കഴിവ് തെളിയിച്ചു കഴിഞ്ഞു.


എന്തായാലും പഴയ കാലമല്ല നമുക്ക് വിഭവശേഷി ആവോളമുണ്ട്. ഒരു ഉട്ടോപ്യൻ ഭരണക്രമം വളർത്തി അതിൽ രാജാവായിരിക്കുന്നതിന് ഒരു പരിധിയുണ്ട് – ബുദ്ധിമാരും കാര്യശേഷിയുള്ളവരും കുറവല്ല മലയാളത്തിൽ അവർ ആരെയോ ഭയന്ന് ഒളിച്ചിരിക്കയാണ്. ഹേ രാജാവേ അങ്ങ് നഗ്നനാകുന്നു എന്ന് പറയാൻ പ്രാപ്തിയുള്ള തലമുറയെയാണ്  ചുറ്റും കൂടി വങ്കത്തരങ്ങൾക്ക് കയ്യടിക്കുന്നവരേക്കാൾ വിശ്വസിക്കാവുന്നത് – നിർമ്മിത ബുദ്ധികളെ രാജസഭയിൽ നിന്ന് ഇറക്കിവിടുക. രാജാവ് ആരായാലും ഭരണം എങ്ങനെ എന്നതിനാണ് പ്രാധാന്യം.