വിദൂഷകന്‍.

സംഗതി പറയുമ്പോ ഓരോ ജീവിവർഗങ്ങൾക്ക് ലോക ക്രമത്തിൽ ഓരോ സമയം വരുമ്പോ ചില പ്രത്യേകത കാണാറാകും.  മഴ പെയ്യുമ്പോ ഊത്ത മീൻ, വസന്തമാകുമ്പോ കുയിൽ, ഗ്രഹണ  സമയത്ത് ഞാഞ്ഞൂൽ,കന്നി മാസമാവുമ്പോ ശുനകൻ അങ്ങനെ.
ഈ സമയം ആ ജീവി വർഗത്തിന്റെ സാധാരണ രീതി ആയിരിക്കില്ല കാണപ്പെടുക.

ഗ്രഹണ സമയത്ത് ഞാഞ്ഞൂൽ എന്ന പോലെ ലോകമാന സഖാക്കൾക്ക് വീരും വരുന്ന സമയമാണ് സമ്മേളന കാലം.  കേരളത്തിൽ അടുക്കും ചിട്ടയും കേഡറും ഒക്കെ പരമ്പരാഗതമായി കിട്ടിയ വിഭാഗമാണ് സഖാക്കൾ, അതിനാൽ മുമ്മൂന് വർഷം കൂടുമ്പോഴുള്ള ഈ പ്രക്രിയ പാർട്ടിയുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാകുന്നു. ആചാരാനുഷ്ഠാനങ്ങളോടെ മലയ്ക്ക് പോകാൻ വ്രതം നിൽക്കുന്ന പോലെയാണ് ഒരു പാർട്ടി സഖാവ് ഇക്കാലത്തിലേക്ക് കടക്കുക. കുറ്റം പറയരുത് സ്വന്തംപ്രസ്ഥാനത്തിനുവേണ്ടി ഇത്രയും ചെയ്യുന്ന മറ്റൊരു പാര്‍ട്ടി വര്‍ഗവും ഭൂമിമലയാളത്തിലില്ലാത്തതിനാല്‍ ഇവരുടെ പ്രസക്തി അല്‍പവും ചോദ്യം ചെയ്യേണ്ടതില്ല.

പഴയ കാല സഖാക്കൾ അറിയാം ലോകത്തെ സകലമാന വിഷയങ്ങൾകും സംശയം തീർക്കാനും ആ വിഷയത്തിൽ താനേത് നിലപാട് എടുക്കണമെന്ന് നിശ്ചയിക്കാനുമുള്ള അസുലഭ സന്ദർഭമാകുന്നു സമ്മേളനം. ഒരു കാര്യമില്ലെങ്കിലും എത്യോപ്യയിലെ കാലാവസ്ഥ, ക്യൂബയിലെ വിദ്യാഭ്യാസം തുടങ്ങിയ പല കാര്യങ്ങളും ഒരു പാർട്ടി സഖാവ് ചർച്ചിക്കുകയും അതിന്മേൽ താനെന്ത് നിലപാട് എടുക്കുകയും വേണമെന്ന ഐഡിയ സ്വീകരിക്കുക ചെയ്യും. ഉദാഹരണത്തിന് എൽസാൽവഡോറിന്റെ വിദ്യാഭ്യാസ പ്രക്രിയ, മധ്യേഷ്യയിലെ പൊടിക്കാറ്റ് തുടങ്ങിയ വിഷയങ്ങളിൽ പരക്കെ നാട്ടുകാർ ചർച്ച ചെയ്യുന്ന നിലപാടാവില്ല നമുക്ക് ഇവിടെ. കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം വേണമെന്ന് ഇവിടെപറയുന്ന നമ്മൾ എൽസാൽവഡോറിൽ പ്രാഥമിക വിദ്യാഭ്യാസമേ വേണ്ടെന്ന തീരുമാനമാകും എടുത്തിരിക്കുക. ഇതൊക്കെ സൈദ്ധാന്തികന്മാരുടെ തമാശയും പാർട്ടി അണികളുടെ അനുസരണയുടെ മുഖ്യ പാഠവുമാകുന്നു. ഒരാൾ പാർട്ടി അടിമയാണോ എന്നറിയാനായി ടെസ്റ്റിന് മേലാവിൽ നിന്ന് വങ്കത്തരങ്ങൾ അയച്ച് എല്ലാ വരെ കൊണ്ടും സമ്മതിപ്പിക്കുന്ന പതിവുമുണ്ടെന്നത് ഒരു രഹസ്യആക്ഷേപമാണ്.

ഇതൊക്കെയല്ലാതെ സമ്മേളനം നോക്കി വച്ചിരിക്കുന്ന ചില പ്രശ്നങ്ങളുണ്ട് ലോക്കൽ സെക്രട്ടറി സഖാവിന്റെ മകൻ അമേരിക്കൻ കമ്പനിയിൽ ജോലി എന്തിന് സ്വീകരിച്ചു,താലൂക്ക് കമ്മിറ്റി സഖാവിന്റെ മകൾക്ക് 300 പവൻ എന്തിന് കൊടുത്തു ,പാർട്ടി വിരുദ്ധന് സഹകരണ ബാങ്കിൽ നിന്നും എന്തിന് വൻതുക ലോണനുവദിച്ചു, രക്ത സാക്ഷിദിനത്തിൽ സഖാവിന്റെ ചെറുമകന്റെ ബർത്ത് ഡേ പാർട്ടി എന്തിന് നടത്തി ഇത്യാദിചർച്ചകൾ നടക്കും.
പിന്നെ ഇടഞ്ഞും തല കളരിഞ്ഞും മുമ്പോട്ടുള്ള പ്രയാണം. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അണി കരുതിയ മര്യാദാ സഖാവിനെ താഴേക്കിറക്കൽ. ഇന്നലെ വരെ ചരടുകെട്ടി നടന്നവനെയും ഖദറും ഡയറിയുമായി പിരിച്ചും വെട്ടിച്ചും നടന്നവനെയും മേപ്പോട്ട് എടുക്കൽ എന്നീ കലാപരിപാടികൾ, ഇങ്ങനെ പോകും. ഇത്യാദി  വിഷയങ്ങളിൽ മേൽപ്പറഞ്ഞ ആരോപണ  വിഷയങ്ങളിന്മേലുള്ളചർച്ച വഴി വിടാതിരിക്കാൻ മേൽത്തട്ടിലെ ചില സഖാക്കൾ സമ്മേളനത്തിലും ചർച്ചയിലുമുണ്ടാകും. വായ്ത്താരി ,  കളരിയിൽ പ്രൊമോഷൻ എന്നിവയ്ക്കായി വാട്ടം പിടിക്കാൻ ഇവരുണ്ടാകും. ഉളിയെറിഞ്ഞുവീഴ്ത്തല്‍,മയക്കുവെടി, പൂഴിക്കടകന്‍, മുളയാണിവയ്ക്കല്‍ എന്നിവഹകളില്‍ വൈദഗ്ധ്യം തെളിയിച്ചവരത്രേ ഈ ചേകവന്മാര്‍.

എല്ലാക്കാലത്തും ചില വെല്ലുവിളികൾ നടത്തി മൽസരിക്കണം എന്നൊക്കെ കടുത്ത തീരുമാനവുമായി വരുന്ന ധികൃത ശക്ത പരാക്രമികൾ എപ്പോഴുമുണ്ടാകും. പണ്ടിവരെ അങ്കത്തട്ടിൽ കാണാമായിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടായി പാർട്ടിവിട്ട വരെ സൈദ്ധാന്തികമായാണ് നേരിടേണ്ടതു്. കൊടി സുനി മാർക്കു മറപിടിക്കാനല്ല പാർട്ടി, സ്വപ്ന എങ്ങനെ പാർട്ടിക്കാർക്ക് പോലും പ്രവേശനമില്ലാത്തിടത്ത് സർവ്വാധികാര്യക്കാരിയായി, ഇടതു ബാങ്കില്‍ എങ്ങനെ കള്ളപ്പണം ഇത്തരം ഉറുമി വീശലിന് സാധ്യതയുള്ളവരെ നേരത്തേ തന്നെ തട്ടിൽ കയറ്റാതെ പറഞ്ഞു വിടും. തട്ടിൽ കയറിയാൽ തന്നെ പൂഴിക്കടകൻ ഇടും. അതാണ് തുണ യ്ക്കെന്നമട്ടില്‍ നില്‍ക്കുന്ന മേല്‍ഘടക സഖാക്കളുടെ പണി.
സംഗതി പറഞ്ഞാൽ ഇതൊക്കെയായിരുന്നു ഒരു പാർട്ടി സമ്മേളനത്തിന്റെ രസകരമായ നടപ്പുകാഴ്ചകള്‍.

ഇപ്പോൾ എന്താണെന്നറിയില്ല നമ്മൾക്കു മനസിലാവാത്ത ചില കാര്യങ്ങളിലാകുന്നു കൊടും ചർച്ചകൾ.
ചർച്ച ചെയ്തു വശം കെടാനിരുന്ന ഒരുപാട് വിഷയങ്ങൾക്ക് ഇപ്പോൾ പ്രസക്തിനഷ്ടപ്പെട്ടിരിക്കുകയാണ്. നേതാവിന്റെ മകന്റെ മാഫിയാബന്ധം , സ്വപ്നസുന്ദരിയുടെ അന്തപ്പുര വിലാസം, നോട്ട് മിഷീൻ പാർട്ടിക്കാരുടെ മുന്നണി പ്രവേശം, ശബരിമലയിലെ കൂട്ടയടിയും ആളെ ഉന്തിക്കയറ്റലും ഇങ്ങനെ പാർട്ടിക്ക് അമ്പേ പരാജയം വരുത്തുമെന്ന് കരുതിയ ഒട്ടേറെ വിഷയങ്ങൾക്ക് സഖാവ് കൊറോണയും അതുവഴി വന്ന കിറ്റും അന്ത്യം കണ്ടു കളഞ്ഞു. ഈ പ്രതികൂല സാഹചര്യത്തിലും എങ്ങനെ രണ്ടാമത് ഭരണത്തിലെത്തിയെന്നത് തങ്ങളുടെ മാത്രം ആശങ്കയായിരുന്നില്ലെന്നും പാർട്ടിയുടെ മോളറ്റത്ത് തന്നെ അത്തരമൊരു ചിന്ത വന്നെന്നും ഭരണ രീതിമൊത്തം അഴിച്ചു പണിഞ്ഞതിലൂടെ നമ്മൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. സെൻട്രൽ ബോർട്ട് ഒഴികെ സംവിധാനം മുഴുവൻ മാറിക്കഴിഞ്ഞു. പിന്നെ എന്തോന്നിനി  ചർച്ച ചെയ്യാൻ എന്ന നിലയായി. ആഗോളതാപനം, ഫാസിസ്റ്റ് വ്യാപനം, കെ- റെയിൽ വികസനം ഇത്യാദികളായിരിക്കും മുഖ്യചർച്ചാ വിഷയം. എന്തു ചർച്ച ചെയ്യണമെന്ന് അച്ചടിച്ച പുസ്തകം വന്നിട്ടുണ്ട്. അത് കെട്ടഴിക്കും മുമ്പ് ചാനലായ ചാനലുകാരൊക്കെ ചർച്ച ചെയ്ത് എന്ത് തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കിക്കളഞ്ഞു.


ഇനി ആകെയുള്ളത് പഞ്ചായത്ത് ഇലക്ഷന് പാർലമെന്‍ററി വ്യാമോഹം കാട്ടിയ സഖാവ്, ശബരിമലയ്ക്ക് മാലയിട്ട വനിതാ സഖാവ്, സഹകരണ ബാങ്കിൽ മുക്കുപണ്ടം വച്ച പ്രത്യേക സഖാവ് ഇവരെപ്പറ്റിയുള്ള ചർച്ചയാണ്. അതിന്മേൽ തീരുമാനത്തിനാണല്ലോ മേൽ ഘടക ഘടോൽക്കചന്മാരെത്തിയിട്ടുള്ളത്.
വലിയ ചർച്ചക്കു പോയാൽ നേതാക്കളുടെ ഇഷ്ടം പോവുകയും അടുത്ത പാർട്ടി സ്ഥാനം ഗ്യാസാവുകയും ചെയ്യും. വലിയ ചർച്ച വേണ്ട. വലത്തേ തുടയിൽ കരകൃത്യം വരുമാറ് ഞൊറിയാതെ (മുണ്ടു കൃത്യം മധ്യത്ത് ഞൊറിയാൻ അവകാശം ഒരേ ഒരു സഖാവിനേയുള്ളൂ )പിന്നിലേക്ക് വലിച്ചു തുമ്പു കുത്തിയ കോടിക്കളർ മുണ്ടും കടും കളർ ഷർട്ടുമിട്ട് വരിക അനുസ്മരണ പ്രമേയത്തിന് തലയാട്ടുക.
പറഞ്ഞ കാര്യങ്ങൾ പതിഞ്ഞ ശബ്ദത്തിൽ ചർച്ച ചെയ്തു നേതാക്കളുടെ ഇഷ്ടത്തിന് പാത്രമായി മുകളിലേക് വളരുക. ഇതാണ് കോൺഗ്രസ് പാർട്ടി, സോറി പാർട്ടി കോൺഗ്രസ് . ശരിയാണല്ലോ ..അവന്മാര് കേഡറു പണിയാൻ നിക്കുമ്പം അവമ്മാരുടെ ശൈലി അനുവർത്തിച്ചാണല്ലോ നുമ്മടെ പോക്ക് .
ചിന്തിക്കാൻ അനുവാദമില്ല.പുഴുങ്ങിയ ചീനിയും മുളകു ചമ്മന്തിയും കട്ടൻ ചായയും റെഡി . പാർട്ടി കോൺഗ്രസ് സിന്ദാബാദ്