വിദൂഷകൻ

സി പി എമ്മിലിപ്പോൾ കോൺഗ്രസ് സിന്ദാബാദ് എന്നു വിളിക്കുന്ന കാലമാണ്. എല്ലാ ബ്രാഞ്ചിലും വിളി ഉയരും. സംഗതി പാർട്ടി കോൺഗ്രസിന്റെതാണെങ്കിലും എവിടേലും വിളി കാത്തിരുന്ന കോൺഗ്രസുകാർ ഓടിച്ചെല്ലുകയാണ്.  ഇലക്ഷൻ കാലത്ത് നേതാക്കൾ കഴുത്തിലേറ്റു വാങ്ങിയ ചുവന്ന ഷാൾ ഇഷ്ടംപോലെ കെട്ടിവച്ചിട്ടുണ്ട് അതിട്ട് ആളെ സ്വീകരിക്കലാണ് ഇപ്പോൾ കൊടിയേരി സഖാവിന് പണി.
കാര്യം അര കേഡറിനെപ്പറ്റി അമ്മാവനാലോചിച്ചപ്പോഴേ മുഴു കേഡർ തേടി മരുമക്കൾ പരക്കം പായുകയാണ്.
എങ്ങനെ പോകാതിരിക്കും മരുമക്കത്തായമെന്ന് പറകയും മക്കത്തായം നടപ്പാക്കുകയും ചെയ്യുകയാണ് കാരണവന്മാർ . ഗ്രൂപ്പ് മക്കളാണ് എല്ലാ സ്ഥാനത്തും ഒരു സ്ഥാനവും മരുമക്കൾക്കില്ല.

അപ്പുറത്തെ തറവാട്ടിൽ വേറൊരു കാരണവരു വച്ചു വിളമ്പുകയാണ്. പുറത്തു നിന്നു കാണാൻ തന്നെ എന്തു ചന്തം. ചാരു കസേരയിൽ നിറഞ്ഞ് കിടക്കുകയാണ് പിണറായിതമ്പുരാൻ, തുപ്പപ്പടിക്കം പിടിക്കാൻ, വടിയെടുത്ത് കൊടുക്കാൻ മുറുക്കാനിടിക്കാൻ ഒക്കെ ചുറ്റും ആൾക്കാർ തിണ്ണക്കുതാഴെ കാര്യസ്ഥൻ, എരുത്തിലിൽ  കാളന്മാർ, നിറഞ്ഞ അകിടും കിടാങ്ങളുമായി പശുക്കൾ, പിന്നാമ്പുറത്ത് ദേഹണ്ഡക്കാർ, വിളമ്പുകാർ, അകത്ത് അമ്മച്ചിമാരും  പെൺ കിടാങ്ങളും. പുര നിറഞ്ഞ് ആരും നിൽക്കാൻ അവിടെ അനുവദിക്കില്ല. അർഹമായ എല്ലാവർക്കും സ്ഥാനമാനങ്ങൾ അവാർഡുകൾ മെഡലുകൾ , ചേകോന്മാർക്ക് വീരാളിപ്പട്ട്, ആർപ് ,മരണ ബഹുമതി, മരണാനന്തര ബഹുമതി അങ്ങനെയങ്ങനെ
പണ്ട് നമ്മുടെ തറവാട്ടിൽ എന്തായിരുന്നു സ്ഥിതി. രണ്ടു മൂന്ന് അമ്മാവന്മാർ, നാടാകെ പാട്ടവും പിരിവും , സർപം തുള്ളൽ, ചാക്കടിയന്തരം, ഉൽസവം , വാരം, ഓത്തൂട്ട് . മുറുക്കാൻ ചെല്ലമെടുത്ത് ഓരോ അമ്മാവന്മാരുടെ പിറകേ പോന്നവർക്കാണ് കാര്യസാധ്യം. കുഴമ്പിട്ട് തിരുമ്മലും കുളിയും സംബന്ധവും ഇതുപോലെ തന്നെ രണ്ടുമൂന്നു തറവാട്ടുകാരുടെ കൂട്ടും അയ്യഞ്ചു വർഷം തകർത്തു ഭരണം അഞ്ചു വർഷം കഴിയാനുള്ളത് ഉണ്ടാക്കി വയ്ക്കണം എന്നേയുണ്ടു. അതിനൊക്കെ അമ്മാവന്മാർ ബഹു കേമന്മാർ.

തിന്നു നിറഞ്ഞ് ശീലിച്ചു പോയി , വയറുകാഞ്ഞ് പഠിച്ചിട്ടില്ല. വിളി വന്നിടത്തേക്ക് പാഞ്ഞോടുന്നവർക്ക് അതിലിനി ഒരുതാമസം കാരണം ഉള്ള സ്ഥാനം പോകരുതെന്നേയുള്ളൂ..
പിരമിഡ് കെട്ടുന്നിടത്ത്  എത്തുന്നവർക്ക് എല്ലാം ജോലിയാണെന്ന് പറയുമ്പോലെ എ കെ ജി സെന്ററെന്ന തറവാട്ടിൽ ചെല്ലുന്നവർക്ക് എല്ലാം ജോലിയാണ് അനിൽ കുമാറിന് കോഴിക്കോട് ജില്ലാ സമ്മേളന ചുമതലയാണ്. അർഹമായ സ്ഥാനം എന്ന് പറഞ്ഞിട്ട് ഇത്രയും കരുതിയില്ല – രതികുമാറിന് കൊല്ലത്താവും പണി. തിരുവനന്തപുരത്ത് സമ്മേളനം നടത്തിക്കൊടുക്കാൻ വേറേ ഒരാളുണ്ട്. ആളു കുറവുള്ളിടത്ത് സമ്മേളനം നടത്താൻ സുധാകര മാമനും സതീശണ്ണനും സഹായിക്കും. കണ്ണാടി നോക്കീട്ട് സഹിക്കുന്നില്ല പ്രായമേറുകയാണ്. ഇതു വരെ സർക്കാരു വക ഇന്നോവ കിട്ടീട്ടില്ല, അതോണല്ലോ നമ്മുടെ ഗാന്ധിയൻ സ്വപ്നം.

പണ്ട് കരുതിയത് നവഭാരത നിർമ്മാണക്കരാറുകാരായ ബി ജെ പിക്ക് ഒപ്പം പോകേണ്ടിവരുമെന്നാണ്. എന്തോ ചെയ്യാനാ കേരളത്തിലെ സെറ്റപ്പില് അങ്ങോട്ട് പോയിട്ടൊരു കാര്യവുമില്ല. അവിടൊള്ളോരു തന്നെ കടി പിടിയാണ്.  
ഈ കമ്യൂണിസ്റ്റ് തറവാട്ടിലിപ്പം പഴ പോലല്ല കാര്യങ്ങള് .  എ കെ ജി സെന്ററിന്റെ മുൻ വാതിലേ ഉള്ളു ഇടുക്കം. അകത്ത് അതിവിശാലമാണ്. ആദർശം പറഞ്ഞ് വേദനിപ്പിക്കൽ ലവലേശമില്ല. പലയിടത്തും ഉടായിപ്പുകാർ സസുഖം വാഴുന്നു. ഏറിയാല്‍ സമ്മേളന കാലത്തൊന്ന് തരം താഴ്ത്തും, പിന്നേമങ്ങ് എടുക്കും. പൊലീസുകാരെ സ്ഥലംമാറ്റുന്ന പോലേയുള്ളൂ. പിന്നെ കയറ്റം. നമ്മളെ ഇനി എന്തോന്ന് തരം താഴ്ത്താന്‍. ഇ എം എസും ഗോവിന്ദപ്പിള്ളയും പോയേലിപ്പിന്നെ സൈദ്ധാന്തികന്മാരില്ല, ഹല്ലാം കാർന്നോര് പറയുമ്പോലെ, അല്ലെങ്കി കാർന്നോരുടെ മനമറിയുന്ന വേറേ അഞ്ഞൂറാന്മാരുണ്ട്. ‘അഛന്റെ മനസു പറഞ്ഞു കെട്ടിക്കോടാ’ എന്ന് പറയാൻ . സുഖമായിരിക്കും.

പിന്നെ ഉളുപ്പ്, അതില്ലാതെയാണല്ലോ അണ്ണാ ഇത്രടം വരെയൊക്കെ എത്തിയത്. പാര്‍ട്ടി അധികം(വന്ന) കോണ്‍ഗ്രസ് സമം പാര്‍ട്ടി കോണ്‍ഗ്രസ് സിന്ദാബാദ്.