പ്രത്യേകലേഖകന്‍

ശാസ്താംകോട്ട. വിസ്മയ സ്വയം മരിച്ചതോ കൊല്ലപ്പെട്ടതോ എന്ന വലിയൊരു ചോദ്യത്തിനാണ് പൊലീസ് അന്വേഷണം മറുപടി കണ്ടെത്തിയത്. കേസ് എടുക്കുമ്പോള്‍ അന്വേഷണോദ്യോഗസ്ഥരെ മഥിച്ചിരുന്ന പ്രധാന ചോദ്യവും അതായിരുന്നു.

കുറ്റമറ്റതെന്ന് വിശ്വസിക്കാവുന്ന പഴുതടച്ച അന്വേഷണം നടത്തിയതുവഴി യുവതി പീഡനംമൂലം ജീവിതനൈരാശ്യം ബാധിച്ച് ജീവനൊടുക്കിയെന്ന ഉത്തരത്തിലെത്തിയിരിക്കയാണ് കുറ്റപത്രത്തിലൂടെ. വിസ്മയ കേസില്‍ കിരണ്‍കുമാറിന് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്, വിസ്മയ അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷം കിരണിന് കൃത്യമായി അറിയാമായിരുന്നതു കൊണ്ടാണെന്ന് പൊലീസ് പറയുന്നു.

വിസ്മയയെ മാനസികമായി തകര്‍ത്തു എന്ന കുറ്റത്തില്‍നിന്നും ഭര്‍ത്താവിന് ഒഴിവാകാനാവില്ല.. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നു വിസ്മയ കിരണിനോടു പലവട്ടം പറഞ്ഞിട്ടുണ്ടായിരുന്നു. അയാള്‍ക്ക് അവളെ രക്ഷിക്കാമായിരുന്നു താനും,എന്നല്ല അയാളുടെ മാത്രം നീക്കം വിസ്മയയുടെ ജീവന്‍ നിലനിര്‍ത്തുമായിരുന്നു. എന്നാല്‍ ഭാര്യ അങ്ങനെയൊരു അവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കിരണ്‍ പീഡനം തുടര്‍ന്നു. ഇത് ആത്മഹത്യാ പ്രേരണയാണെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

സാമൂഹികമായി ഒരുപാട് ഇടപെട്ടിരുന്ന വിസ്മയയുടെ ആസ്വാതന്ത്ര്യങ്ങളെല്ലാം കിരണ്‍നശിപ്പിച്ചു. മൂന്നു തവണയാണ് കിരണ്‍ വിസ്മയയുടെ ഫോണ്‍ തകര്‍ത്തത്. കല്യാണം കഴിഞ്ഞ് ഒരു മാസത്തിനകം വിസ്മയയുടെ ഫോണ്‍ കിരണ്‍ നശിപ്പിച്ചിരുന്നു. ഏപ്രില്‍ നാലിന് മറ്റൊരു ഫോണും തകര്‍ത്തു. മൂന്നാമത്തെ ഫോണ്‍ വിസ്മയ മരിക്കുന്നതിന്റെ തലേ ദിവസമാണ് നശിപ്പിക്കുന്നത്.ഫോണ്‍ നശിപ്പിച്ചത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു വിലയിരുത്താനാകില്ലെന്നും പുറത്തേക്ക് ബന്ധപ്പെടാതിരിക്കാനാണെന്നും പൊലീസ് പറയുന്നു. അവസാനദിവസം വിസ്മയയുടെ ഫോണിലെ മുഴുവന്‍ കോണ്ടാക്ടുകളും കിരണ്‍ ഡിലീറ്റുചെയ്തു. ഇതും യുവതിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു.

.തിരികെ എല്ലാം മറന്നാണ് വിസ്മയ ഇയാള്‍ക്കൊപ്പം ഭര്‍തൃവീട്ടിലെത്തിയത്. കൂട്ടിക്കൊണ്ടു വന്നശേഷം അമ്മയോടു മാത്രം ഫോണില്‍ സംസാരിക്കാനേ അനുവാദം നല്‍കിയിരുന്നുള്ളൂ. പിതാവിനോടും സഹോദരനോടും വലിയ സ്‌നേഹബന്ധമുണ്ടായിരുന്ന വിസ്മയയ്ക്ക് അവരോടു സംസാരിക്കാനാകാഞ്ഞത് വലിയ മാനസിക ആഘാതമായി.അവസാനദിവസം പിതാവിനെ വിളിച്ചതു ചോദ്യം ചെയ്തതാണ് ഏറെ ആഘാതമായത്.അതേത്തുടര്‍ന്നാണ് കിരണ്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തത്.

ഒരുപാട് വാതിലുകള്‍ വിസ്മയ സഹായത്തിനുമുട്ടിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കിരണിനൊപ്പം ജീവിക്കാമെന്നുതന്നെയാണ് വിസ്മയ കരുതിയത്. എന്നാല്‍ പീഡനവും കുറ്റപ്പെടുത്തലും അതിരുവിട്ടതോടെ തന്നെ സഹായിക്കാമോ എന്ന തരത്തില്‍ രക്ഷപ്പെടുത്താമോയെന്ന മട്ടില്‍ വിസ്മയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദേശങ്ങള്‍ അയച്ചിരുന്നു. മാനസിക സമ്മര്‍ദം മറികടക്കാനാണ് കൊച്ചിയിലുള്ള ഒരു സൈക്കോളജിസ്റ്റിന്റെ കൗണ്‍സിലിംങ് വിസ്മയ തേടിയത് അദ്ദേഹത്തോട് സ്ത്രീധന പീഡനത്തിന്റെ വിവരങ്ങള്‍ പറഞ്ഞത് പൊലീസിനു തെളിവായി. തന്റെ വീട്ടില്‍ നിന്നും കിട്ടാനുള്ളതെല്ലാം പരമാവധി ലഭിച്ചു കഴിഞ്ഞു എന്നു സൂചിപ്പിച്ചു കൊണ്ട് ഭര്‍ത്താവിന്റെ സഹോദരിക്കും സന്ദേശം അയച്ചിരുന്നു.

വിവാഹത്തിനുമുമ്പ് വിസ്മയ കരുതിയപോലെ കിരണ്‍ ശുദ്ധനായിരുന്നില്ല. തന്റെ ഔദ്യോഗിക പദവിക്കനുസരിച്ചുള്ള വാഹനമല്ല സ്ത്രീധനമായി ലഭിച്ചത് എന്നത് അയാള്‍ക്ക് വൈരാഗ്യബുദ്ധി പകര്‍ന്നു. പ്രതീക്ഷയ്ക്കനുസരിച്ചുള്ള സ്ത്രീധനം ലഭിക്കാതിരുന്നതിനാല്‍ സാധാരണ യുവാക്കളെപ്പോലെ അത് മനസിലടക്കി മുന്നോട്ടുപോകാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഒരു ലജ്ജയുമില്ലാതെ തന്റെ സമൂഹത്തില പദവി പോലും മറന്ന് വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളമാകെ സ്ത്രീധനം എന്ന ദുരാചാരത്തിനെതിരെ ചിന്തയുണരുംവിധമാണ് മാധ്യമങ്ങളും സര്‍ക്കാരും വിസ്മയവധക്കേസിനെ കണ്ടത്. ഗവര്‍ണര്‍പോലും ഈ ദുരാചാരത്തിനെതിരെ പ്രതികരിക്കുകയും സത്യഗ്രഹം നടത്തുകയും ചെയ്തു.

ഇന്ത്യന്‍ശിക്ഷാനിയമം 304(ബി),498(എ),306,323,506,എന്നീ വകുപ്പുകള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകള്‍ പ്രകാരവുമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്.സ്ത്രീധനപീഡനംമൂലം അസ്വാഭാവിക മരണത്തിന് കാരണമാവുക(304 ബി) എന്ന കുറ്റത്തിന് പരമാവധി ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്നതാണ്. സ്ത്രീധന പീഡനം എന്ന വകുപ്പിന് 498(എ) 3വര്‍ഷം തടവുലഭിക്കാം. ആത്മഹത്യാപ്രേരണ എന്ന (306)വകുപ്പിന് 10വര്‍ഷമാണ് പരമാവധിശിക്ഷ,സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പു പ്രകാരം അഞ്ചും രണ്ടും വര്‍ഷം പരമാവധി ശിക്ഷ ലഭിക്കാമെന്നും നിയമ വിദഗ്ധര്‍ പറയുന്നു.

അന്വേഷണത്തിന്റെ പ്രത്യേക ചുമതല ലഭിച്ച ഐജി ഹര്‍ഷിത അട്ടല്ലൂരി സമഗ്രമായ ഇടപെടലാണ് കേസില്‍ ഉടനീളം നടത്തിയത്. സാധ്യതയുള്ള ഒരു സംഭവംപോലും ഉപേക്ഷിക്കാതെ അതിന്റെ നാനാവശവും അന്വേഷിച്ച് കൃത്യമാക്കാന്‍ അവര്‍ പ്രയത്‌നിച്ചു.
ജില്ലാ പൊലീസ് സൂപ്രണ്ട് കെബി രവിയും കേസിന്റെ മുഴുവന്‍ വിഷയങ്ങളും പഠിച്ച് മേല്‍നോട്ടം നടത്തിയിരുന്നു.
ഡിവൈഎസ്പി രാജ്കുമാര്‍,എസ്‌ഐമാരായ മഞ്ജുവി നായര്‍,ചന്ദ്രമോന്‍,ഹാരിസ്, ശരത്ചന്ദ്രന്‍, എഎസ്‌ഐമാരായ അജിത്കുമാര്‍, സുല്‍ഫി,അനില്‍കുമാര്‍,എസ് സിപിഒ ആഭ, സിപിഒമാരായ ഷാഫി,അരുണ്‍കുമാര്‍,സുനിത,മഹേഷ് എന്നിവര്‍ കേസ് അന്വഷണത്തില്‍ പങ്കെടുത്തു.