മരണപ്പെട്ടവര്‍ക്കും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുന്ന സാഹചര്യം… വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂര്‍ പ്രകാശ്. മണ്ഡലത്തിലെ 1,64,006 വോട്ടുകളില്‍ ഇരട്ടിപ്പുണ്ട്. അന്തിമ വോട്ടര്‍ പട്ടികയില്‍ പരമാവധി ആളുകളെ തിരുകി കയറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും അടൂര്‍ പ്രകാശ്.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആരോപണം. 13,66,000 ത്തോളം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,64,006 വോട്ടുകളില്‍ ഇരട്ടിപ്പുണ്ടെന്ന് അടൂര്‍ പ്രകാശ്.
ആകെ വോട്ടര്‍മാരില്‍ 8.32 ശതമാനംപേര്‍ക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഒരാളെ പോലും വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അന്തിമ പട്ടികയില്‍ പരമാവധി പേരെ തിരുകികയറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും അടൂര്‍ പ്രകാശ് ആരോപിച്ചു.
മരണപ്പെട്ടവര്‍ക്കും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുന്ന സാഹചര്യമാണുള്ളത്. കള്ളവോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ യുഡിഎഫ് ബിജെപി അവിശുദ്ധ സഖ്യമെന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ജോയ് ആരോപിച്ചു.
അതേ സമയം തിരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ കണ്ടെത്താന്‍ ബിജെപി സഹായിച്ചെന്ന ആരോപണം അടൂര്‍ പ്രകാശ് നിഷേധിച്ചു. അന്തിമ വോട്ടര്‍ പട്ടിക വന്നതിനുശേഷം ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് അടൂര്‍ പ്രകാശിന്റെ തീരുമാനം.

Advertisement