സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

Advertisement

കോഴിക്കോട് . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നില്ല. ആവശ്യപ്പെടുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയിലാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് വന്ന സുരേഷ് ഗോപി തന്റെ കാറിന് മുകളിൽ കയറി നിന്ന് സമീപം കൂടി നിന്ന ബി ജെ പി പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും പിന്തുണച്ചതിന് അവർക്ക് നന്ദി അറിയിക്കുകയും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. രാവിലെ ചോദ്യം ചെയ്യലിനായി എത്തിയ സുരേഷ് ഗോപിയെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് പുറത്ത് സ്വീകരിച്ചിരുന്നു. സ്റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ കാത്ത് വൻ ജനാവലിയാണ് തടിച്ച് കൂടിയത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിരുന്നു. കെ സുരേന്ദ്രന് പുറമെ, മറ്റു നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, വി കെ സജീവൻ എന്നിവർ സ്റ്റേഷനിൽ എത്തി. സുരേഷ് ഗോപിയെ സ്വീകരിക്കാൻ സ്ത്രീകൾ അടക്കമുള്ള നിരവധി പ്രവർത്തകരാണ് റോഡിൽ തടിച്ചു കൂടിയത്.

ഒക്ടോബർ 27ന് കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ സരേഷ് ഗോപി കൈയ് വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക യോട് അദ്ദേഹം മാപ്പുപറഞ്ഞുവെങ്കിലും കേസുമായി അവര്‍മുന്നോട്ടുപോവുകയായിരുന്നു.

സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്ന് മന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആര്‍ക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. സുരേഷ് ഗോപി അപമാനിച്ചു എന്ന കേസ് അദ്ദേഹത്തെ താറടിച്ച് കാണിക്കാന്‍ വേണ്ടിമാത്രമാണ്. ഇതുകൊണ്ടൊന്നും സുരേഷ് ഗോപിയെ താറടിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. കോടതി ഈ കേസ് എടുത്ത് ദൂരെ കളയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Advertisement