തന്റെ പേരില്‍ ഉണ്ടെന്ന് സിപിഎമ്മുകാര്‍ പറയുന്ന ഒന്നരയേക്കര്‍ കണ്ടെത്തിത്തരണം, വില്ലേജ് ഓഫീസില്‍ മറിയക്കുട്ടി

Advertisement

അടിമാലി. തന്റെ പേരില്‍ ഉണ്ടെന്ന് സിപിഎമ്മുകാര്‍ പറയുന്ന ഒന്നരയേക്കര്‍ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി മറിയക്കുട്ടി. പെന്‍ഷന്‍ മുടങ്ങിയതില്‍ പിച്ചച്ചട്ടി പ്രതിഷേധത്തില്‍ പങ്കെടുത്ത മറിയക്കുട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. ഇരുനേക്കര്‍ സ്വദേശിനിയായ മറിയക്കുട്ടി പഞ്ചായത്ത് മെമ്പര്‍ ജിന്‍സി മാത്യുവിനൊപ്പം എത്തിയാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചത്.

നേരത്തെ പറഞ്ഞതുപോലെ, തന്റെ പേരിലുള്ള സ്ഥലം കണ്ടെത്തി തരണമെന്ന് മറിയക്കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പം ചെന്ന് അപേക്ഷ നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ ജിന്‍സി മാത്യു പറഞ്ഞു. തന്റെ പേരില്‍ സ്ഥലമുണ്ടോ ഇല്ലയോ എന്നതില്‍ വ്യക്തത വരുത്തണമെന്നാണ് മറിയക്കുട്ടിയുടെ നിലപാട്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത തന്റ ഇളയമകള്‍ക്ക് എഴുതി നല്‍കിയിരുന്നു. തന്റെ പേരില്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലെന്നുമാണ് മറിയിക്കുട്ടി പറയുന്നത്.

തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയെന്ന് കാണിച്ചുതരാന്‍ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവില്‍ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടുമെന്നും ഇവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവര്‍ ഭിക്ഷക്കിറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ മറിയക്കുട്ടിക്ക് വിധവാ പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.

മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെന്‍ഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സര്‍ക്കാര്‍ ഫണ്ട് നില്‍കാതെ കൊടുക്കാന്‍ ആവില്ലെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മകമായി രണ്ട് പേര്‍ക്കും ഒരു മാസത്തെ പെന്‍ഷനും കിറ്റും നല്‍കി.

എന്നാല്‍ മറിയക്കുട്ടിയുടെ ആരോപണങ്ങളെല്ലാം സിപിഎം തള്ളുകയാണ്. മറിയക്കുട്ടിയെ ഭീഷണിപ്പെടുത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍ പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ ഏറ്റവുമധികം കൊടുത്തതും ഇടതുമുന്നണി സര്‍ക്കാരാണാണെന്നും ചാണ്ടി പറഞ്ഞു. പെന്‍ഷന്‍ കുടിശ്ശികയുണ്ടെന്നുളളത് ശരിയാണ്. എന്നാല്‍ പെന്‍ഷന്‍ നിന്നുപോയിട്ടില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി

Advertisement