വാർത്താനോട്ടം

Advertisement

വാർത്താ നോട്ടം

2023 നവംബർ 12 ഞായർ

ഇന്ന് ദീപാവലി: മാന്യ വായനക്കാർക്ക് ‘ന്യൂസ് അറ്റ് നെറ്റി’ ൻ്റെ ദീപാവലി ആശംസകൾ

BREAKING NEWS

👉 ആലപ്പുഴ മുതുകുളത്ത് യുവമോർച്ച നേതാവിൻ്റെ വീടിന് നേരെ ആക്രമണം ലിജോ രാജൻ, ബിജോയ് എന്നിവരുടെ വീടുകൾ ആക്രമിച്ച് വെട്ടി പരിക്കേല്പിക്കുകയായിരുന്നു.

👉 ആലപ്പുഴ തകഴിയിലെ കർഷക ആത്മഹത്യ: മന്ത്രി പി പ്രസാദിൻ്റെ വസതിയിലേക്ക് നാളെ യുവമോർച്ച മാർച്ച് നടത്തും.

👉കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമനിക്ക് മാർട്ടിനു മാർട്ടിനുമായി ഇന്നും തെളിവെടുപ്പ്, മരണം 5 ആയി

👉ഗസ്സയിലെ ആശുപത്രി വളഞ്ഞ് ഇസ്രായേൽ

🌴കേരളീയം🌴

🙏കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം അഞ്ചായി. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപനാണ് (46) മരിച്ചത്. ഇവരുടെ മകള്‍ 12 വയസുകാരി ലിബ്‌ന നേരത്തേ മരിച്ചിരുന്നു. സാലിയുടെ മൂത്ത മകന്‍ പ്രവീണ്‍ (24), ഇളയ മകന്‍ രാഹുല്‍ (21) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്.

🙏കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തതായി പൊലീസ്. കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയ പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തു.

🙏മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

🙏കേരളത്തില്‍ നിരന്തരമായി കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും നെല്ല് വിളയിക്കുന്ന കര്‍ഷകര്‍ക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

🙏കേരളത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക സാഹചര്യങ്ങള്‍ ഒന്നും തന്നെ നിലവിലില്ലെന്നും കര്‍ഷകനെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും, കര്‍ഷകന്‍ പ്രസാദ് ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും കൃഷി മന്ത്രി പി.പ്രസാദ്.

🙏എന്നും പലസ്തീന് ഒപ്പമാണ് സിപിഎം എന്നും രാഷ്ട്രീയ വേര്‍തിരിവില്ലാതെ മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങളെ വിളിച്ചാല്‍ വരുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ വരില്ലെന്ന് അറിയാമായിരുന്നു എന്നും മുസ്ലിംലീഗ് റാലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചു.

🙏പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് പറയാന്‍ ധൈര്യമില്ലെന്നും, പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവര്‍ക്കൊപ്പം സിപിഎം ഉണ്ടെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ഐക്യദാര്‍ഢ്യ പരിപാടി നടത്തിയതിന് ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🙏ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ, അടിമുടി രാജഭക്തി വെളിവാക്കുന്നുവെന്ന് ആരോപിക്കുന്ന, നോട്ടീസില്‍ കടുത്ത അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മനസ്സില്‍ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടന്ന് പോവില്ലെന്നും അതിങ്ങനെ തികട്ടി വരുമെന്നും ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

🙏വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന താമരശ്ശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച ലക്കിടി ഭാഗത്തു നിന്നും ആരംഭിക്കും.

🙏ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി കൊടി സുനി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നടത്തിയ ആസൂത്രിത കലാപത്തില്‍ തുടരന്വേഷണത്തിന് ജയില്‍ വകുപ്പ് തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. കൊടി സുനിക്ക് ജയില്‍ മാറ്റത്തിന് വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെയാണ് കലാപം നടന്നതെന്നാണ് ഉയരുന്ന ആരോപണം.

🇳🇪 ദേശീയം 🇳🇪

🙏പോലിസ് അകമ്പടിയോടെ ഭാര്യ സീമയെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ചേര്‍ത്തു പിടിക്കുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചിത്രം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. രാജ്യത്തെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്ന വ്യക്തിയോട് അനീതി ചെയ്യുന്നത് ശരിയാണോയെന്നും കേജ്രിവാള്‍ ചോദിച്ചു.

🙏മധ്യപ്രദേശില്‍ ‘സങ്കല്‍പ് പത്ര’ എന്ന പേരില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി . ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2700 രൂപയും നെല്ലിന് 3100 രൂപയുമായി ഉയര്‍ത്തും. ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ 1.30 കോടി കുടുംബങ്ങള്‍ക്ക് വീടു നല്‍കുമെന്നും കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്..

🙏ഹരിയാനയിലെ വ്യാജമദ്യ ദുരന്തത്തില്‍ 16 മരണം. സംഭവത്തില്‍ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാമജ്ര ഗ്രാമങ്ങളിലുളളവരാണ് മരിച്ചവരിലേറെയും. തൊട്ടടുത്ത അംബാലയില്‍ നിന്നാണ് വ്യാജമദ്യമെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

🇦🇽 അന്തർദേശീയം 🇦🇺

🙏ഇന്ധനവും വൈദ്യുതിയും നിലച്ച് ഗാസയിലെ ആശുപത്രികള്‍. ഇന്ധനം തീര്‍ന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇന്‍കുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികള്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

🙏37 നവജാതശിശുക്കളാണ് അല്‍ ഷിഫയിലെ ഇന്‍കുബേറ്ററിലുള്ളത്. അല്‍ ഷിഫയില്‍ നിലവില്‍ 1500 രോഗികളുണ്ട്. 1500 ആരോഗ്യപ്രവര്‍ത്തകരും. അഭയം തേടിയ ഒട്ടേറേപ്പേര്‍ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും ഇരുപതിനായിരത്തിലധികം പേര്‍ അല്‍ ഷിഫയിലുണ്ട്.

🙏ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേല്‍ സൈന്യം ആശുപത്രിയില്‍ ഹമാസ് ഭീകരരുണ്ടെന്നാരോപിച്ച് പുറത്തിറങ്ങുന്നവര്‍ക്കുനേരെ വെടിവയ്ക്കുകയാണ്. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 11,070 പേര്‍ കൊല്ലപ്പെട്ടു.

🙏കിഴക്കന്‍ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ എന്നത് അംഗീകരിക്കുക മാത്രമാണ് മേഖലയിലെ സമാധാനത്തിന് ഒരേയൊരു പരിഹാരമെന്ന് സൗദി അറേബ്യ. ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയില്‍ അറബ് – ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടിയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. മാനുഷിക ദുരന്തം തടയുന്നതില്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

🙏ഇസ്രയേല്‍ സൈന്യത്തെ ‘ഭീകര സംഘടന’യായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം രാജ്യങ്ങളോട് ആഹ്വാനംചെയ്ത് ഇറാന്‍. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സൗദി അറേബ്യയില്‍ നടക്കുന്ന അറബ്-മുസ്ലിം നേതാക്കളുടെ ഉച്ചകോടിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

🙏യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പലസ്തീനികളെ ചികിത്സിക്കാന്‍ താല്‍പ്പര്യമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കായി യുഎഇയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

🏏 കായികം 🏏

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ബംഗ്ലാദേശിനെതിരെ 8 വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തൗഹീദ് ഹൃദോയുടെ 74 റണ്‍സിന്റെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 132 പന്തില്‍ 177 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 9 കളികളില്‍ നിന്ന് 4 പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായിരുന്നു.

🙏സെമി ഫൈനല്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഓസ്ട്രേലിയ 9 കളികളില്‍ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 93 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 43.3 ഓവറില്‍ 244 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ഇതോടെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ട് നേരത്തെ തന്നെ പുറത്തായിരുന്നു.

🙏2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ തോറ്റതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകള്‍ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു.

🙏നവംബര്‍ 15 ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലാണ്ടുമായി ഏറ്റുമുട്ടും. നവംബര്‍ 16 ന് നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. നവംബര്‍ 19 ഞായറാഴ്ചയാണ് ഫൈനല്‍.

Advertisement