കേരളത്തിലെ കോൺഗ്രസ് എംപിമാർക്ക് ‘പ്രോഗ്രസ് റിപ്പോർട്ട്’, സർവ്വേ 10 ദിവസത്തിനകം, പ്രൊഫഷണൽ ടീം പണി തുടങ്ങി

Advertisement

തിരുവനന്തപുരം: കോൺഗ്രസ് എംപിമാരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള സമ്പൂർണ സർവേ പത്തുദിവസത്തിനകം തയ്യാറാകും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിൻറെ നേതൃത്വത്തിലുള്ള പ്രൊഫഷണൽ ടീം തയ്യാറാക്കുന്ന റിപ്പോർട്ട് കെപിസിസിക്ക് കൈമാറും. സംഘടന ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കും.

എംപിമാരുടെ പ്രവർത്തനങ്ങളിൽ വോട്ടർമാർ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാൽ ജയസാധ്യതയുണ്ട്? മാറേണ്ടവർ ആരൊക്കെ? അടിമുടി പരിശോധിക്കുന്നതാണ് സർവേ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിൻറെ നേതൃത്വത്തിലുള്ള ടീം സംസ്ഥാനമാകെ സഞ്ചരിച്ചാണ് സർവേ തയ്യാറാക്കുന്നത്. ഈ റിപ്പോർട്ട് അനുസരിച്ചാകും ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് കടക്കുക. കർണാടകയിൽ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച സുനിൽ കനുഗോലു നയിക്കുന്ന ‘മൈൻഡ് ഷെയർ അനലിറ്റിക്‌സ്’ ടീം കോൺഗ്രസിനായി കേരളത്തിലെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

അഴിമതി തുറന്നുകാട്ടുന്നതാവണം തെരഞ്ഞെടുപ്പിൻറെ പ്രചാരണമെന്നും സഹകരണമേഖലയിലെ പ്രതിസന്ധി പ്രധാന ഇനമായി മാറ്റണമെന്നും നിർദേശമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൻറെ പേരിലാണെങ്കിലും നിക്ഷേപകർ ബുദ്ധിമുട്ടിലായിട്ടുണ്ടെങ്കിൽ ജനപക്ഷത്തുതന്നെ നിൽക്കണമെന്ന കർശന നിർദേശമാണ് കെസി വേണുഗോപാൽ കെപിസിസിക്ക് നൽകിയിരിക്കുന്നത്.

രാഷ്ട്രീയകാര്യസമിതിയിലെ അഞ്ച് ഒഴിവുകൾ നികത്തുന്നതിനൊപ്പം ആകെ അംഗങ്ങളുടെ എണ്ണം 25 ആയി ഉയർത്താനാണ് സാധ്യത. കെപിസിസിയിൽ കാര്യക്ഷതയുള്ള ഭാരവാഹികളുടെ എണ്ണം കുറവാണെന്ന വിലയിരുത്തലിലാണ് കുറച്ചുനേതാക്കളെ കൂടി ഉൾപ്പെടുത്താനുള്ള നീക്കം. എം ലിജു ഉൾപ്പടെയുളള നേതാക്കൾ പ്രധാന പദവിയിലേക്ക് എത്തുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം മാത്രം ലക്ഷ്യം വെച്ച് സമൂല മാറ്റത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.

Advertisement