വാർത്താനോട്ടം ,ഇത് ഇന്നത്തെ വാര്‍ത്താക്യാപ്സ്യൂള്‍

2023 ജൂൺ 05 തിങ്കൾ

BREAKING NEWS

👉തൃശൂരിലുണ്ടായ വാഹനാപകടത്തിൽ സിനിമാ _ മിമിക്രി താരം കൊല്ലം സുധി (39) മരിച്ചു.

👉അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി ,മഹേഷ് എന്നിവരെ കൊച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

👉അരി കൊമ്പനെ കമ്പത്ത് പൂശനം പെട്ടിയ്ക്ക് സമീപം മയക്ക് വെടിവെച്ചു.

👉ആനയെ എവിടെ തുറന്ന് വിടുമെന്നതിൽ സസ്പെൻസ് തുടരുന്നു.

👉കണ്ണൂരിൽ പോലീസ് കമ്മീഷണർ ഓഫീസിന് സമീപം ലോറി ഡ്രൈവർ ജിൻ റോവെട്ടേറ്റ് റോഡിൽ വീണു മരിച്ചു.

🙏ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

കേരളീയം

🙏 റോഡ് കാമറ വേട്ട ആരംഭിച്ചു. ഇരുചക്രവാഹനങ്ങളില്‍ 12 വയസിനു താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ചുമത്തില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനത്തില്‍ കുട്ടിയായാലും മൂന്നാമതൊരാള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കിയതിനു പിറകേയാണ് വിശദീകരണം.

🙏 ഇന്നു രാവിലെ എട്ടു മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

🙏റോഡ് കാമറയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കു വിഐപി വാഹനങ്ങള്‍ക്ക് ഇളവില്ലെന്ന് മന്ത്രി ആന്റണി രാജു. താനടക്കം ആരും നിയമം ലംഘിച്ചാലും പിഴ അടയ്ക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

🙏കേന്ദ്രമന്ത്രി അമിത് ഷാ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തി. അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. കൊച്ചിയില്‍ അമൃത ആശുപത്രി സില്‍വര്‍ ജൂബിലി ഉദ്ഘാടന ചടങ്ങിനുശേഷം മടങ്ങുന്നതിനിടെ മാരിയറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.

🙏രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 648 ആയി വര്‍ധിപ്പിച്ചെന്നും കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ലോകത്തിന് മാതൃക ആയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 കോടി രൂപയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നടപ്പാക്കുമെന്ന് അമൃത ആശുപത്രി അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, കൃഷി മന്ത്രി പി പ്രസാദ് എന്നിവരും പങ്കെടുത്തു.

🙏ഇന്നു ലോക പരിസ്ഥിതി ദിനം. വിദ്യാലയങ്ങളിലും വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും പരിസ്ഥിതി സംരക്ഷണ പരിപാടികളും തൈകള്‍ നട്ടുപിടിപ്പിക്കല്‍ യജ്ഞവും.

🙏കെ-ഫോണ്‍ ഉദ്ഘാടനം ഇന്ന്. വൈകുന്നേരം നാലിനു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരു മണ്ഡലത്തില്‍ നൂറു വീടുകള്‍ക്ക് എന്ന തോതില്‍ 14,000 വീടുകള്‍ക്കുമാണു കണക് ഷന്‍ നല്‍കുന്നത്.

🙏 സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കമുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം.

🙏ഇന്നത്തെ എറണാകുളം- ഹൗറ അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി. ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് രാത്രി 11.20 നു പുറപ്പെടേണ്ട ട്രെയിന്‍ റദ്ദാക്കിയത്.

🙏’അഴിമതി ക്യാമറ’യുടെ മറവില്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീര്‍പ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റോഡുകള്‍ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പാക്കുന്നത്. അദ്ദേഹം പറഞ്ഞു.

🙏കൊല്ലം എഗ്മോര്‍ എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ടുമെന്റില്‍ വിള്ളല്‍. കൊല്ലത്തുനിന്ന് ഉച്ചയ്ക്കു പുറപ്പെട്ട ട്രെയിന്‍ ചെങ്കോട്ടയില്‍ എത്തിയപ്പോഴാണ് എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്തു വിള്ളല്‍ കണ്ടത്. യാത്രക്കാരെ മറ്റ് ബോഗികളിലേക്കു മാറ്റിയാണ് യാത്ര പുനരാരംഭിച്ചത്.

🙏മലപ്പുറം പെരുമ്പടപ്പില്‍ ഭക്ഷ്യവിഷബാധയേറ്റ് 140 പേര്‍ ചികിത്സ തേടി. എരമംഗലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന അയിരൂര്‍ സ്വദേശിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മയോണൈസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

🙏കൊല്ലം പുനലൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുമേഷിനെ കുത്തിയതു സിപിഎം കൗണ്‍സിലറായ അരവിന്ദാക്ഷനാണെന്നു മരണമൊഴി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നു പുനലൂരില്‍ കരിദിനം ആചരിക്കും.

🙏റിട്ടയേര്‍ഡ് കെഎസ്ഇബി ഓവര്‍സിയറായ എണ്‍പതുകാരന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് അഞ്ചു മാസത്തിനിടെ 10 ലക്ഷം രൂപ പിന്‍വലിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചുനക്കര കരിമുളയ്ക്കല്‍ രമ്യ ഭവനത്തില്‍ രമ്യ (38) യെയാണ് അറസ്റ്റ് ചെയ്തത്. താമരക്കുളം ചാരുംമൂട് സ്വദേശി നൈനാര്‍ മന്‍സിലില്‍ അബ്ദുല്‍ റഹിമാന്റെ പണമാണ് തൊട്ടടുത്ത കുടുംബവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന രമ്യ തട്ടിയെടുത്തത്.

🙏തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ടു യുവതികള്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശിനി പ്രിയ, തൃശൂര്‍ സ്വദേശിനി സുരഭി എന്നിവരാണ് അറസ്റ്റിലായത്.

🙏ബലാല്‍സംഗത്തിന് ഇരയായെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് (30) -നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി വെറുതെ വിട്ടത്.

ദേശീയം

🙏ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തില്‍ മരിച്ച 275 പേരില്‍ ഇരുന്നൂറോളം പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

🙏പച്ച സിഗ്നല്‍ കണ്ട ശേഷമാണ് ട്രെയിന്‍ മുന്നോട്ടെടുത്തതെന്ന് ഒഡിഷയില്‍ അപകടത്തില്‍പ്പെട്ട കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രെയിനിന്റെ വേഗത അമിതമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റ് മൊഴി നല്‍കി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മുന്നോട്ടു പോയതെന്നും ലോക്കോ പൈലറ്റ് അറിയിച്ചു.

🙏മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ അറിയിച്ചു. കൊറാമാണ്ഡല്‍ എക്സ്പ്രസ് മാത്രമാണ് അപകടത്തില്‍ പെട്ടതെന്ന് റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ സിന്‍ഹ. ഗുഡ്സ് ട്രെയിനുള്ള ട്രാക്കിലേക്കു തെറ്റിക്കയറിയ കൊറാമാണ്ഡല്‍ എക്സ്പ്രസ് ഇരുമ്പു നിറച്ച ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചുകള്‍ അടുത്ത പാളങ്ങളിലേക്കു വീണു. അതുവഴി വന്ന ബംഗളൂരു – ഹൗറ എക്സ്പ്രസ് കൊറാമാണ്ഡലിന്റെ പാളം തെറ്റിയ കോച്ചുകളില്‍ ഇടിക്കുകയായിരുന്നു. അനുവദനീയമായ 128 കിലോമീറ്ററായിരുന്നു കൊറാമാണ്ഡലിന്റെ വേഗത.

🙏ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ അംഗീകരിച്ച മരണക്കണക്കില്‍ സംശയമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനജി. ട്രെയിനില്‍ ഉണ്ടായിരുന്ന ബംഗാളികളായ 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. 62 പേരുടെ മൃതദേഹങ്ങള്‍ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ 182 പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു മമത പറഞ്ഞു.

🙏ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസ ചെലവ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഗൗതം അദാനി.

🙏ഒഡിഷയിലെ ബാലേസോറില്‍ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ പാളങ്ങളിലൂടെ ആദ്യ ട്രെയിന്‍ കടത്തിവിട്ടു. ചരക്ക് ട്രെയിനാണ് കടത്തി വിട്ടത്. ഇന്നത്തോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കും.

🙏ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നു രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അടിയന്തരമായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

🙏പ്രധാനമന്ത്രിക്കു ചുറ്റും രക്ഷാകവചമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്കു യാത്ര ചെയ്യാന്‍ സുരക്ഷ നല്‍കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുന്ന പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്കു യാത്രചെയ്യാനുള്ള ട്രെയിനുകളില്‍ മതിയായ കംപാര്‍ട്ടുമെന്റുകള്‍പോലും നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി.

🙏ബിഹാറില്‍ 1700 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന പാലം തകര്‍ന്നുവീണു. ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലമാണു ഗംഗാനദിയിലേക്ക് തകര്‍ന്ന് വീണത്. ആളപായമില്ല. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്.

🙏വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് മൃതദേഹം ബാഗിലാക്കി കടലില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍. 23-കാരിയായ അഞ്ജലിയെ കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരനായ മിന്റു സിങ്ങും സഹോദരനുമാണ് അറസ്റ്റിലായത്. ഭയന്ദറിലെ ഉത്താന്‍ ബീച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.

Advertisement