പാഞ്ഞെത്തി യുവാവിനെ ഇടിച്ചുവീഴ്ത്തി,പുറത്തുകൂടി കയറിയ ബസ് നിര്‍ത്താതെ പോയി, ജീവനക്കാരെത്തി സിസിടിവി ദൃശ്യവും കൊണ്ടുപോയി ,കുമ്പഴയില്‍ പൊലീസെന്തിനാണോ എന്തോ

Advertisement

പത്തനംതിട്ട. കുമ്പഴയിൽ ബസ് കയറി ഒരു യുവാവ് മരിച്ച സംഭവം നാടിനെ ഞെട്ടിച്ചിരിക്കയാണ്. റോഡ് നിയമങ്ങൾ തെറ്റിച്ചെത്തിയ സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പോലീസ് കർശനമായ വകുപ്പുകൾ ചുമത്തുന്നില്ല എന്ന് പരാതി.പത്തനംതിട്ട പുനലൂർ റൂട്ടിൽ സ്ഥിരമായി അപകടങ്ങൾ ഉണ്ടാക്കുന്ന ബസിനെതിരെ നിരവധി പരാതികൾ ഉണ്ടായിട്ടും മോട്ടോർ വാഹന വകുപ്പും കർശന നടപടികൾ സ്വീകരിക്കുന്നില്ല എന്നും പരാതിയുണ്ട്.യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് തെളിവായി ശേഖരിക്കും മുമ്പ് ബസ്സുടമകൾ പ്രദേശത്തെ കടയിൽ നിന്ന് ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തുകൊണ്ടു പോയതായും കൊല്ലപ്പെട്ട ആരോമലിന്റെ സുഹൃത്തുക്കൾ പറയുന്നു

കഴിഞ്ഞദിവസം രാത്രിയാണ് പത്തനംതിട്ട കുമ്പഴയിൽ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ആരോമൽ സഞ്ചരിച് സ്കൂട്ടറിൽ ഇടിച്ച് ആരോമൽ കൊല്ലപ്പെട്ടത്. ഇടതുവശത്തു കൂടി പോയ വാഹനത്തെ മറികടന്ന് വലതുവശത്തേക്ക് ബസ് വെട്ടിച്ചതാണ് ആരോമലിന്റെ ജീവൻ ഇല്ലാതാക്കിയത് എന്ന് പറയുന്നു. അപകടം കണ്ടിട്ടും ആളുകള്‍ വിളിച്ചു കൂവിയിട്ടും നിർത്താതെ പോയ ബസ് നാട്ടുകാർ പിന്തുടർന്നാണ് കണ്ടെത്തിയത്.പത്തനംതിട്ട പുനലൂർ പാതയിൽ സ്ഥിരമായി അപകടങ്ങൾ ഉണ്ടാക്കുന്ന ബസ്സാണ് ഇത് എന്നും ഇതിനെതിരെ പരാതി നൽകിയിട്ടും ബസിന്റെ പെർമിറ്റ് റദ്ദ് ചെയ്യാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല എന്നും പരാതിയുണ്ട്.ബസ്സിന്റെ അമിതവേഗതയും നിയന്ത്രണം വിട്ട വരവുമാണ് ആരോമലിന്റെ ജീവനെടുത്തതെന്ന് ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാർ തന്നെ പറയുന്നു

അപകടത്തിന്റെ ദൃശ്യങ്ങൾ കുമ്പഴ ജംഗ്ഷനിലെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.എന്നാൽ പോലീസ് ഈ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കുന്നതിന് മുൻപ് തന്നെ ബസ് ഉടമയുടെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തുകൊണ്ടുപോയി.തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ബസ് ഉടമക്കെതിരെ കേസ് എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.സ്ഥിരമായി പരാതികൾ ഉയർന്നിട്ടും ബസ്സിന്റെ പെർമിറ്റ് റദ്ദാക്കാൻ അധികൃതർ തയ്യാറാകുന്നില്ല എന്നും പരാതിയുണ്ട്.

ബസ്സിന്റെ അമിതവേഗം മൂലം കൊല്ലപ്പെട്ട ആരോമലിന് നീതി ലഭിച്ചില്ല എങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ആണ് നാട്ടുകാരുടെ തീരുമാനം.

Advertisement