‘നല്ല ഫ്രണ്ട്‌ലി, കവലപ്പെടവേണ്ട, ജാഗ്രത മട്ടും പോതും’: ട്രോളുകളിൽ നിറഞ്ഞ് അരിക്കൊമ്പൻ

കോട്ടയം: ‘പേടിക്കാനൊന്നുമില്ല, നല്ല ഫ്രണ്ട്‌ലിയായി പെരുമാറുന്ന ആനയാണ്. കവലപ്പെട വേണ്ട, ജാഗ്രത മട്ടും പോതും..’ കേരളത്തിനും തമിഴ്നാടിനും ഒരുപോലെ തലവേദനയായ അരിക്കൊമ്പൻ കമ്പത്ത് എത്തി പ്രശ്നമുണ്ടാക്കിയപ്പോൾ, സമൂഹ മാധ്യമങ്ങളിൽ ട്രോളുകളായും വിഡിയോകളായും പേജുകൾ നിറയെ കാട്ടാനയാണ്.

അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാൻ തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ആനയെ മേഘമല കടുവാ സങ്കേതത്തിനുള്ളിൽ വിടാനാണ് ഉത്തരവ്. ദൗത്യത്തിനായി ആനമലയിൽനിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും. കമ്പം മേഖലയിൽ അതീവജാഗ്രതാ നിർദേശമുണ്ട്. കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു.

ജനം പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ആനയെ പിടികൂടുന്നത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വനംമന്ത്രിയും തമ്മിൽ ആശയവിനിമയം നടത്തി.

തേനി എംഎൽഎയുമായും ഇരുവരും ചർച്ച നടത്തുന്നുണ്ട്. ആനയെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

Advertisement