കമ്പം. കമ്പം ടൗണിലെ ജനജീവിതം സ്തംഭിപ്പിച്ച് അരിക്കൊമ്പന്‍. ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച കാട്ടാന കമ്പത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ തളയ്ക്കാന്‍ നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പനെ തളയ്ക്കുന്നതിന് കുങ്കിയാനകളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങരുതന്ന് കമ്പത്തെയും പരിസര പ്രദേശത്തെയും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആനയെ തളയ്ക്കുന്നതിന് മയക്കുവെടി വയ്ക്കുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകള്‍ പരിഭ്രാന്തിയിലാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. റോഡുകള്‍ അടച്ചു. ഓട്ടോറിക്ഷ കുത്തി മറിച്ചതില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
അതേസമയം കേരള സംസ്ഥാന സർക്കാരിന്റെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങി.മിഷൻ അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. എന്നാൽ വനം വകുപ്പെടുത്ത തീരുമാനം ശരിയായിരുന്നെന്നും കോടതി ഇടപെടലിനെ തുടർന്നാണ് ആനയെ മാറ്റേണ്ടി വന്നതെന്നും മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചു
കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ എത്തിയ പശ്ചാത്തലത്തിൽ ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം..
വിദേശത്ത് അടക്കം പരാജയപ്പെട്ട പരീക്ഷണമാണ് ആനയെ സ്ഥലംമാറ്റല്‍ എന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഇതിന് മറുപടിയുമായി മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. അരിക്കൊമ്പൻ വിഷയത്തിൽ വനം വകുപ്പ് ആദ്യം എടുത്ത തീരുമാനം ശരിയായിരുന്നു.. അരിക്കൊമ്പനെ പിടികൂടി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുക എന്നായിരുന്നു തീരുമാനം.. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് അത് മാറ്റേണ്ടിവന്നു.. അതിരു കവിഞ്ഞ ആന സ്നേഹത്തെയും മന്ത്രി വിമർശിച്ചു.