മലപ്പുറം . സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയംബ്രോട്ടിന്റെ മരണത്തിൽ വിവാദം പുകയുന്നു. ഇടത് സഹയാത്രികനായ റസാക്കിനെ ആത്മഹത്യയിലേക്ക് എത്തിച്ചത് എൽഡിഎഫ് ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് നിലപാട് ആണ് എന്ന ആക്ഷേപം വന്‍ വിവാദമായി മാറുകയാണ്..
പുളിക്കൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ കഴിഞ്ഞ ദിവസമാണ് റസാക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.വീടിന് സമീപത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരെയുള്ള കുറിപ്പ് സമീപത്തുണ്ടായിരുന്നു. ഇത് വരെ നൽകിയ പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തിൽ കെട്ടി തൂക്കിയ നിലയിൽ ആയിരുന്നു മൃതദേഹം.
പ്ലാന്റിന് എതിരെ പഞ്ചായത്തിൽ നിന്ന് തനിക്ക് അനുകൂല സമീപനം ഉണ്ടാകുമെന്ന് റസാഖ് പ്രതീക്ഷിച്ചിരുന്നു. ഇടതുപക്ഷത്തിനുവേണ്ടി സ്വത്തുക്കള്‍ പോലും ദാനം ചെയ്തപാരമ്പര്യമാണ് റസാക്കിന്. വിഷയത്തില്‍ റസാക്ക് മുട്ടാത്ത വാതിലുകളില്ല. പരിഹാരം ഉണ്ടാവാത്തതിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് നിഗമനം.പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട് ആണ് റസാഖിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ആരോപിച്ചു യുഡിഎഫ് പ്രതിഷേധവുമായി രംഗത്ത് ഉണ്ട്.സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹീം ആവശ്യപ്പെട്ടിരുന്നു