കോഴിക്കോട്. വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. തിരൂര്‍ സ്വദേശിയായ സിദ്ധീഖ് (58) നെ കൊലപ്പെടുത്തിയ കേസില്‍ സ്വന്തം ജീവനക്കാരായ ഷിബിലി (22) ഫര്‍ഹാന (18) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ധീഖിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച കുടുംബത്തിന്റെ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വരുന്നത്. പിടിയിലായ ഷിബിലിയും ഫര്‍ഹാനയും സിദ്ധീഖിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ഇവരെ ഇന്നലെ ചെന്നൈയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. സിദ്ധീഖിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ 18-ാം തിയതിയാണ് സിദ്ധീഖ് തിരൂരിലെ ഹോട്ടലിലേക്ക് വരുന്നത്. വീട്ടില്‍ നിന്ന് പോയാല്‍ സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷമാണ് മടങ്ങിയെത്താറുള്ളത്. എന്നാല്‍ 18-ാം തിയതി പോയതിന് പിന്നാലെ സിദ്ധീഖിന്റെ ഫോണ്‍ സ്വിച്ചിഡ് ഓഫ് ആയി. ഇതോടെ പിതാവിനെ കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച മകന്‍ പോലീസിനെ സമീപിച്ചു. അതോടൊപ്പം തന്നെ സിദ്ധീഖിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു.
അന്വേഷണം ജീവനക്കാരിലേക്ക് നീണ്ടപ്പോള്‍ ഷിബിലിയുടെ ഫോണും സ്വിച്ചിഡ് ഓഫ് ആയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിബിലിയും ഫര്‍ഹാനയും ചെന്നൈയിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. ഉടന്‍ തന്നെ ചെന്നൈയിലേക്ക് പുറപ്പെട്ട പൊലീസ് സംഘം ഇരുവരേയും ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്ന് ഉച്ചയോടെ തിരൂരില്‍ എത്തിക്കും. ഷിബിലും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിലും ദുരൂഹതയേറെയാണ്. നേരത്തെ ഷിബിലിക്കെതിരെ പോക്‌സോ പരാതി നല്‍കിയിരുന്നു ഫര്‍ഹാന. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു