വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു

Advertisement

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.

2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്‌സ് പാർക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേർസ് കോഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here