ഇടുക്കി. കിഴുകാനത്ത് വനംവകുപ്പ് ഓഫീസിന് മുന്നിലെ മരത്തിൽ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി. വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സരുൺ സജിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾക്കൊടുവിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാമെന്ന പോലീസിന്റെ ഉറപ്പിന്മേൽ സരുൺ മരത്തിൽ നിന്ന് താഴെ ഇറങ്ങി.
കയ്യിൽ കയറും, കത്തിയുമായി നാലുമണിക്കൂറാണ് സരുൺ സജി മരത്തിന് മുകളിൽ ഇരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാട്ടിറച്ചി കൈവശം വച്ചു എന്ന കള്ള കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ മുഴുവൻ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരികെ എടുത്തതിന് പിന്നാലെയായിരുന്നു സരുൺ സജിയുടെ ആത്മഹത്യ ഭീഷണി. പൊലീസും ഫയർ ആൻഡ് റെസ്ക്യൂവും സ്ഥലത്തെത്തി അനുനയിപ്പിക്കാൻ പരമാവധി ശ്രമിച്ചപ്പോഴും തൻറെ ആവശ്യം അംഗീകരിക്കാതെ ഇറങ്ങി വരില്ലെന്നായിരുന്നു സരുണിന്റെ നിലപാട്. ഉപ്പുതറ സി ഐ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പു നൽകിയതോടെയാണ് സരുൺ താഴെയിറങ്ങിയത്. നിലവിൽ സസ്പെൻഷൻ പിൻവലിക്കപ്പെട്ട ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യാമെന്നാണ് ഉറപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ ആയാണ് സരുണിനെതിരെ കള്ളക്കേസ് ഉണ്ടാക്കിയ മുഴുവൻ ഉദ്യോഗസ്ഥരെയും വനം വകുപ്പ് സർവീസിൽ തിരികെ പ്രവേശിപ്പിച്ചത്. വിഷയത്തിൽ പൊലീസ് കേസ് എടുത്തിരുന്നെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റൊരു നടപടികളിലേക്കും കടന്നിരുന്നില്ല.