തിരുവനന്തപുരം. വീട്ടിലെ മാലിന്യം പൊതിഞ്ഞുകൊണ്ടുവന്ന് ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ തട്ടുന്നതായി കണ്ടെത്തല്‍.ഇതോടെ സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സര്‍ക്കാരിന്റെ സർക്കുലർ ഇറങ്ങി.വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുതെന്നാണ് നിർദ്ദേശം.ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സിസിറ്റിവി പരിധിയിലാക്കും.സെക്രട്ടറിയേറ്റ് വളപ്പിൽ നായ്ക്കൾക്കു ഭക്ഷണം നൽകി സംരക്ഷിക്കരുതെന്നും ഹൗസ് കീപ്പിങ് സെൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
സെക്രട്ടറിയേറ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ജീവനക്കാർക്കായി ഇത്തരമൊരു വിചിത്ര സർക്കുലർ ഇറക്കിയത്.വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സർക്കുലർ.പരിശോധനയിൽ സെക്രട്ടറിയേറ്റിലെ വേസ്റ്റ് ബിന്നുകളിൽ നിന്ന് അടുക്കള മാലിന്യം ഉൾപ്പടെ കണ്ടെത്തിയിരുന്നു.വീട്ടിൽ നിന്നുള്ള മാലിന്യം ഒരു കാരണവശാലും സെക്രട്ടറിയേറ്റിലേക്ക് കൊണ്ട് വരരുതെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സിസിറ്റിവി നിരീക്ഷണത്തിലാക്കുമെന്നും മുന്നറിയിപ്പുണ്ട്.സെക്രട്ടറിയേറ്റിലും,വളപ്പിലും പരിസരത്തുമുള്ള നായ്ക്കളുടെ ശല്യം തടയാനും നിർദ്ദേശമുണ്ട്.സെക്രട്ടറിയേറ്റ് വളപ്പിൽ നായ്ക്കൾക്കു ഭക്ഷണം നൽകി സംരക്ഷിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്.ജീവനക്കാരെയും,ആവശ്യങ്ങൾക്കായി എത്തിയവരെയും നായ്ക്കൾ ആക്രമിച്ചുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം.
കൂടാതെ കൊതുക് ശല്യം കുറയ്ക്കാൻ വെള്ളക്കുപ്പികളിൽ അലങ്കാര ചെടികൾ വളർത്തരുതെന്നും മുന്നറിയിപ്പ് നൽകുന്നു.വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോട് കൂടിയാണ് സെക്രട്ടറിയേറ്റ് ഹൌസ് കീപ്പിങ് സെല്ലിന്റെ സർക്കുലർ.