ട്രക്കിങ്ങിനു പോയി വനത്തിൽ കുടുങ്ങിയ രണ്ടുപേരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

Advertisement

മലപ്പുറം. കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി വനത്തിൽ കുടുങ്ങിയ രണ്ടുപേരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി . കരുവാരക്കുണ്ട് ചേരിക്ക് സമീപം കൂമ്പൻ മലയിലാണ് രണ്ട് പേർ കുടുങ്ങിയത് . കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ യാസീൻ , ഏഞ്ചൽ , ഷംനാസ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്.

വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെ സംഘത്തിന് വഴിതെറ്റി. ഇതിനിടെ ഒരാൾ വീണ് കാലിൽ പരിക്കേൽക്കുകയും ചെയ്തു . സംഘത്തിലുള്ള ഷംനാസ് മലയിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയും പോലിസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് . വൈകീട്ട് ആറ്‌ മണിയോടെ ആരംഭിച്ച രക്ഷാ ദൗത്യം പുലർച്ചെ വരെ നീണ്ടു . മണിക്കൂറുകൾ മല കയറിയാണ് കാട്ടിൽ കുടുങ്ങിയവരെ കണ്ടെത്തിയത് .

Advertisement