രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ രഞ്ജിത്തിന് കണ്ണീരോടെ വിടചൊല്ലി നാട്

Advertisement

തിരുവനന്തപുരം. കിൻഫ്രയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ രഞ്ജിത്തിന് കണ്ണീരോടെ വിടചൊല്ലി നാട്ടുകാരും സഹപ്രവര്‍ത്തകരും. ഫയർഫോഴ്‌സ് ആസ്ഥാനത്തെയും ചാക്ക സ്റ്റേഷനിലെയും പൊതുദർശനത്തിന് ശേഷം ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. സഹപ്രവര്‍ത്തകന്‍ അപകടത്തില്‍ മരിക്കുമ്പോഴും രക്ഷാദൗത്യം തുടര്‍ന്ന സഹപ്രവര്‍ത്തകരും ഞെട്ടലിലാണ്. അപ്രതീക്ഷിതമായിരുന്നു ദുരന്തം.

കഴിഞ്ഞ ഞായറാഴ്ച ഡബിൾ ഡ്യൂട്ടിയെടുത്ത്‌ ചാക്കയിലേക്ക് പോകുമ്പോൾ ഇന്ന് രാവിലെ മടങ്ങിയെത്തുമെന്നാണ് രഞ്ജിത്ത്‌ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ കാത്തിരുന്ന കുടുബത്തിലേക്കെത്തിയത് രഞ്ജിത്തിന്റെ അപ്രതീക്ഷിത മരണവാർത്ത. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം
ഫയർഫോഴ്‌സ് ആസ്ഥാനത്തും ചാക്ക സ്റ്റേഷനിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. വൈകിട്ട് നാലരയ്ക്ക് ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

ഏഴരവര്ഷത്തെ ഫയർഫോഴ്‌സ് സേവനത്തിനിടെ നിരവധി രക്ഷാ ദൗത്യങ്ങളിൽ രഞ്ജിത്ത് പങ്കാളിയായിരുന്നു.2016ലാണ് രഞ്ജിത്ത് ഫയര്ഫോഴ്സിൽ ജോലിയിൽ കയറുന്നത്. മൂവാറ്റുപുഴ, മാവേലിക്കര സ്റ്റേഷനുകൾക്ക് ശേഷം ഒരുവർഷം മുൻപ്‌ ചാക്കയിൽ എത്തി. ഇതിനിടെ 2018ലെ പ്രളയത്തിലും ബ്രഹ്മപുരം തീപിടിത്തത്തിലും സേവനം ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെയുള്ള രഞ്ജിത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ നൊമ്പരക്കാഴ്ചയാകുന്നു.

അച്ഛനും അമ്മയും സഹോദരനും സഹോദരഭാര്യയുമടങ്ങുന്നതാണ് കുടുംബം. സഹോദരന്റെ വിവാഹം രണ്ടാഴ്ച മുൻപായിരുന്നു. രഞ്ജിത്തിന് വിവാഹാലോചനകള്‍ വന്നുകൊണ്ടിരിക്കെയാണ് ആകസ്മിക വിയോഗം.

എന്ത് പ്രശ്‌നത്തിലും ആദ്യം ഓടിയിറങ്ങുന്ന, വിപുലമായ സൗഹൃദ വലയം സമ്പാദിച്ച രഞ്ജിത്ത്
കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയാണ് മടങ്ങുന്നത്. സംസ്കാര ചടങ്ങിലേക്ക് നാടൊന്നാകെ ഒഴുകിയെത്തിയത് ഇതിന് സാക്ഷ്യമായി.

Advertisement