പത്തനംതിട്ട. കണമലയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് കണമലപള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോയത്.അതേസമയം കാട്ടുപോത്ത് നാട്ടിലിറങ്ങിയത് നായാട്ടു സംഘത്തിൻറെ വെടിയേറ്റതിനെ തുടർന്നാണെന്ന് വനം വകുപ്പ് നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വനം വകുപ്പ് നിലപാടിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. യാതൊരു അടിസ്ഥാനവുമില്ലാതെ സംസാരിക്കുന്ന വനം മന്ത്രിയാണ് ആദ്യം മയക്കു വെടി വയ്ക്കേണ്ടതെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു
രാവിലെ 9 മണിയോടെയാണ് കണമലയിലെ വീട്ടിൽനിന്ന് ചാക്കോയുടെ മൃതദേഹം വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോയത്.നാട് മുഴുവൻ വിലാപയാത്രയിൽ പങ്കുചേർന്നു. നായാട്ട് സംഘത്തിൻറെ വെടിയേറ്റ ശേഷമാണ് കാട്ടുപോത്ത് നാട്ടിലെത്തി രണ്ടുപേരെ കുത്തിക്കൊന്നതെന്ന വനംവകുപ്പിന്റെ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. രണ്ടുപേരെ കൊന്ന കാട്ടുപോത്തിനെ കാണാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ പോത്തിന് വെടിയേറ്റു എന്ന് എങ്ങനെയാണ് പറയുന്നതെന്ന് സമരസമിതി ചെയർമാൻ ചോദിച്ചു
പോത്തിന് വെടികൊണ്ടു എന്ന രീതിയിൽ വേറെ കഥ മെനയാൻ ശ്രമം നടക്കുന്നതായി കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറലും പറഞ്ഞു.
അതേസമയം വനം വകുപ്പിന്റെ പുതിയ വാദങ്ങൾക്കെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.കോൺഗ്രസിന്റെ നേതൃത്വത്തിൽ എരുമേലിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.സ്ഥലകാല ബോധമില്ലാതെ ഓരോന്ന് വിളിച്ചുപറയുന്ന വനം വകുപ്പ് മന്ത്രിക്കാണ് ആദ്യം മയക്കുവടി നൽകേണ്ടത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു
വിഷയത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമായി തുടരാനാണ് സമരസമിതിയുടെയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെയും തീരുമാനം.