തിരുവനന്തപുരം.ജനാധിപത്യത്തിൽ പ്രതിപക്ഷത്തെയും കേൾക്കണമെന്നും രാഷ്ട്രീയ കണ്ണട മാറ്റിവെച്ച് ചില വിഷയങ്ങൾ കാണണമെന്നും ഉപരാഷ്ട്രപതി ജഗദീപ് ധൻഗർ. കേരള നിയമസഭ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടത്തെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി കിട്ടാത്ത സാഹചര്യമുണ്ടെന്ന് ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം.
1998 ൽ അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ ഉദ്ഘാടനം നിർവഹിച്ച നിയമസഭാ മന്ദിരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കേരളം വിപുലമായി ആഘോഷിക്കുകയാണ്. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച ഉപരാഷ്ട്രപതി ജഗദീപ് ധൻഗർ കേരളത്തെ വാതോരാതെ പ്രശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. നവോത്ഥാന നായകരുടെയും സാംസ്കാരിക നായകരുടെയും പേരെടുത്തു പറഞ്ഞുമായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രശംസ.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തെയും കേൾക്കണമെന്നും രാഷ്ട്രീയ കണ്ണട മാറ്റിവെച്ച് ചില വിഷയങ്ങൾ കാണണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി കിട്ടാത്ത സംഭവമുണ്ടെന്ന് ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരോക്ഷ വിമർശനം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സ്പീക്കർ എ. എൻ ഷംസീർ തുടങ്ങിയവരും സംസാരിച്ചു. നിയമസഭയ്ക്ക് പുറത്ത് വൃക്ഷത്തൈയും നട്ടശേഷമാണ് ഉപരാഷ്ട്രപതി മടങ്ങിയത്.