വാർത്താ നോട്ടം,ഇത് ഇന്നത്തെ വാര്‍ത്താ ക്യാപ്സ്യൂള്‍

Advertisement

2023 മെയ് 21 ഞായർ

കേരളീയം

🙏ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്നു തിരുവനന്തപുരത്ത്. വൈകുന്നേരം നാലരയ്ക്ക് എത്തുന്ന അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. നാളെ രാവിലെ പത്തരയ്ക്കു നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു തലശേരിയിലേക്കു പോകും.

🙏എഐ കാമറ ആരോപണം അന്വേഷിച്ച് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടു സമര്‍പ്പിച്ച മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിനു കീഴില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നേരത്തെ റവന്യൂ വകുപ്പിലേക്കും പിറകേ ആരോഗ്യവകുപ്പിലേക്കും മാറ്റിയിരുന്നു.

🙏തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി.രാജമാണിക്യത്തിന് നഗരവികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. വി. വിഗ്നേശ്വരിയെ കോട്ടയം കളക്ടറായി നിയമിച്ചു. സ്നേഹില്‍ കുമാറിനെ കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടറായും ശിഖ സുരേന്ദ്രനെ കെടിഡിസി മാനേജിംഗ് ഡയറക്ടറായും നിയമിച്ചു.

🙏കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ യുയുസി ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജി.ജെ. ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു നീക്കാന്‍ കേരള സര്‍വ്വകലാശാല നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പലിനും ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിശാഖിനുമെതിരേ പോലീസില്‍ പരാതി നല്‍കും. തെരഞ്ഞെടുപ്പ് ചെലവുകള്‍ പ്രൊ. ഷൈജുവില്‍നിന്ന് ഈടാക്കും.

🙏കേരളത്തില്‍ യുഡിഎഫിന്റെ ഭരണം ദുരന്തമായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ഭരണകാലത്ത് എല്ലാ മേഖലയിലും കേരളം പിറകോട്ടു പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ നയിക്കുന്ന വികസന മുന്നേറ്റം കണ്ട് യുഡിഎഫും ബിജെപിയും നുണ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

🙏പിണറായി വിജയനും 20 മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ എല്ലാ കൊള്ളയ്ക്കു പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്. ലൈഫ്മിഷന്‍ തട്ടിപ്പ്, എഐ ക്യാമറ തട്ടിപ്പ് തുടങ്ങി എല്ലാ അഴിമതിയിലും മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

🙏കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ ഡയറക്ടറായി ജിജോയ് പി ആറിനെ നിയമിച്ചു. പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രവിഭാഗം ഡീനായി പ്രവര്‍ത്തിക്കുകയായിരുന്നു ജിജോയ്.

🙏പാലാ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം ഇതര സംസ്ഥാന തൊഴിലാളി വാഹനമിടിച്ചു മരിച്ചത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസിടിച്ചാണെന്ന് പാലാ പൊലീസ്. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താന്‍ അമ്പതിലേറെ വാഹനങ്ങളില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അപകട വിവരം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

🙏പാലക്കാട് ശിരുവാണിയില്‍ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. അരീക്കോട് നിന്നെത്തിച്ച മഹാദേവന്‍ എന്ന ആനയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മണ്ണാര്‍ക്കാട് ആര്‍ആര്‍ടി എത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. ആനയുടെ കാലിലും വയറിലും കാട്ടനകളുടെ കുത്തേറ്റിട്ടുണ്ട്.

🙏സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ശബരിക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന് ജാമ്യം ലഭിച്ചിരുന്നു.

🙏വന്ദേ ഭാരത് എക്സ്പ്രസിനുനേരെ ചോറ്റാനിക്കര കുരീക്കാട് കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെയാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ലിന് കേടുപാടു സംഭവിച്ചു.

🙏വീട്ടുനമ്പര്‍ അനുവദിക്കാന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങിയ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. സൗബര്‍ സാദിഖിന്റെ പരാതിയിലാണു വിജിലന്‍സ് കേസെടുത്തത്.

🙏മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിനു സമീപം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. തഴക്കര തറാല്‍ തെക്കതില്‍ ഉദയന്‍- ബീനാ ദമ്പതികളുടെ മകന്‍ അഭിമന്യു (14) തറാല്‍ വടക്കേതില്‍ സുനില്‍- ദീപ്തി ദമ്പതികളുടെ മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. അഭിമന്യു എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയിരുന്നു. ആദര്‍ശ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

🙏പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ആര്‍.എസ്. രാഖിശ്രീ (ദേവു-15) യാണ് മരിച്ചത്. ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു

🙏സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ വെടിയേറ്റു മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മതൃദേഹം ജന്മനാട്ടില്‍ സംസ്‌കരിച്ചു. നെല്ലിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഏപ്രില്‍ 14 നാണ് ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്.

ദേശീയം

🙏ഡല്‍ഹി സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ പുതിയ ഓര്‍ഡിനന്‍സിറക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കേന്ദ്ര നടപടി കോടതിയലക്ഷ്യമാണ്. ഓര്‍ഡിനന്‍സിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേജരിവാള്‍ വ്യക്തമാക്കി.

🙏കര്‍ണാടകത്തില്‍ അധികാരമേറ്റ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കു മൂന്നു മണിക്കൂറിനകം ജനക്ഷേമ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കു രണ്ടായിരം രൂപവീതം പെന്‍ഷന്‍ നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, ഒരു മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹജ്യോതി പദ്ധതി എന്നിവയടക്കം അഞ്ചു പദ്ധതികള്‍ക്കാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

🙏കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവേദിയായി. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി എത്തിയില്ലെങ്കിലും ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിയെ അയച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വേദിയില്‍ ആദ്യാവസാനം നിറഞ്ഞുനിന്നു. സിപിഎം, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിമാരും ചടങ്ങിനെത്തി.

🙏കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ഫലപ്രദമായ ഒരു ഭരണകാലയളവ് ഉണ്ടാകട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആശംസയില്‍ മുഴച്ചുനിന്നത് കാലയളവ് പ്രയോഗമാണ്.

🙏പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന്‍ ഡ്രോണുകള്‍ ബിഎസ്എഫ് വെടിവച്ചിട്ടു.

അന്തർദേശീയം

🙏യുക്രെയിന്‍- റഷ്യ യുദ്ധം മനുഷ്യത്വത്തിന്റെ പ്രശ്നമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയും താനും കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഹിരോഷിമയില്‍ ജി 7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കുന്ന മോദി യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തവേയാണ് ഇങ്ങനെ പ്രതികരിച്ചത്.

🙏ജപ്പാനിലെ ഹിരോഷിമയില്‍ ജി 7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെ ആലിംഗനം ചെയ്യുകയും സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു.

കായികം

🙏ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും 141 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ട് കെട്ടിന്റെ മികവില്‍ ചെന്നൈ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 52 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 50 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദുമാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്.

🙏ഐപിഎല്ലിലെ ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒരു റണ്ണിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. നിക്കോളാസ് പൂരന്റെ മികവില്‍ ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 33 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത റിങ്കു സിംഗ് അവസാന പന്തുവരെ പൊരുതി നോക്കിയെങ്കിലും തോല്‍ക്കാനായിരുന്നു കൊല്‍ക്കത്തക്ക് വിധി. യാഷ് താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണമായിരുന്ന കൊല്‍ക്കത്തയ്ക്കായി റിങ്കു സിംഗിന് 19 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ തോല്‍വിയോടെ 14 കളികളില്‍ നിന്ന് 12 പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി.

Advertisement