എസ്എഫ്ഐ ആൾമാറാട്ടത്തിൽ കോളേജ് പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെതിരെ നടപടി

Advertisement

തിരുവനന്തപുരം.സര്‍വകലാശാലക്ക് മാനക്കേടുണ്ടാക്കി, കാട്ടാക്കട ക്രിസ്ത്യൻ കോളേജ് എസ്എഫ്ഐ ആൾമാറാട്ടത്തിൽ കോളേജ് പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെതിരെ നടപടി. ഷൈജുവിനെ കോളേജിലെ താത്കാലിക പ്രിൻസിപ്പൽ പദവിയിൽ നിന്ന് പിൻവലിച്ചു. സർവകലാശാലയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ അഞ്ചുവർഷത്തേക്ക് മാറ്റി നിർത്തും. അധ്യാപകനും ആൾമാറാട്ടം നടത്തിയ വിശാഖിനും എതിരെ പോലീസിൽ പരാതി നൽകുമെന്ന് കേരള സർവ്വകലാശാല വി.സി.

ഇന്നു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ആയിരുന്നു നടപടി. കാട്ടാക്കട കോളേജിലെ താത്കാലിക പ്രിൻസിപ്പൽ പദവിയിൽ നിന്ന് ഷൈജുവിനെ പിൻവലിച്ചെന്നും  അധ്യാപക വൃത്തിയിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്യാൻ കോളേജിന് നിർദ്ദേശം നൽകിയെന്നും സർവ്വകലാശാല വൈസ് ചാൻസിലർ അറിയിച്ചു. ഇതിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും വിസി വ്യക്തമാക്കി.

പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെതിരെയും ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെയും പോലീസിൽ പരാതി നൽകുമെന്നും വാർത്താസമ്മേളനത്തിൽ വൈസ് ചാൻസിലർ അറിയിച്ചു. സർവ്വകലാശാല തിരഞ്ഞെടുപ്പ് മാറ്റി വെച്ചതിൽ ഉണ്ടായ നഷ്ടം ഷൈജു വഹിക്കണമെന്നും സർവ്വകലാശാല വ്യക്തമാക്കി. പ്രിൻസിപ്പൽ ചെയ്ത പ്രവർത്തികൾ സർവകലാശാലയ്ക്ക് വലിയ അപമാനമാണ് ഉണ്ടാക്കിയതെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

മുഴുവൻ യൂയുസി ലിസ്റ്റും പുനപരിശോധിച്ച ശേഷം ആകും ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് വൈകില്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി.

Advertisement