ക്ലിഫ് ഹൗസ് അഴിമതിയുടെ മഹാസമുദ്രം,റിവേഴ്സ് ഹവാല കണ്ടുപിടിച്ച നേതാവാണ് പിണറായി എ പി അബ്ദുള്ളക്കുട്ടി

Advertisement

തിരുവനന്തപുരം. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനം കരിദിനമായി ആചരിച്ച് ബിജെപി. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സർക്കാരിനെതിരെ രാപ്പകൽ സമരവും ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ക്ലിഫ് ഹൗസ് അഴിമതിയുടെ മഹാസമുദ്രമെന്നും
റിവേഴ്സ് ഹവാല കണ്ടുപിടിച്ച നേതാവാണ് പിണറായി വിജയനെന്നും രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ആരോപിച്ചു. വലിയ അബദ്ധത്തിൻ്റെ രണ്ടാം വാർഷികമാണ് ഇതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പരിഹസിച്ചു.

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാം വാർഷികം പ്രതിഷേധവാരമായി ആചരിക്കുകയാണ് ബിജെപി.രണ്ടുവർഷ കാലം സർക്കാർ എങ്ങനെ പ്രവർത്തിച്ചു എന്നുള്ളത് കഴിഞ്ഞ ഒരാഴ്ചത്തെ സംഭവങ്ങൾ കൊണ്ട് മനസ്സിലാക്കാമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ വിമർശിച്ചു.

പിണറായി  സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കുമെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി  രാപ്പകൽ സമരം ആരംഭിച്ചു. കെൽട്രോൺ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ മറയാക്കി അഴിമതി നടത്താമെന്ന് കണ്ട് പിടിച്ചത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണെന്നും
പിണറായി വിജയൻ അത് ഇരട്ടിയാക്കിയെന്നും സമരം ഉദ്ഘാടനം ചെയ്ത എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. അനിൽ ആൻറണിയുള്ള വേദിയിൽ എ.കെ.ആൻ്റണിയെ പ്രശംസിക്കാനും അബ്ദുള്ളക്കുട്ടി സമയം കണ്ടെത്തി..

കോൺഗ്രസിൻ്റെ കഴിവ് കേട് കൊണ്ടാണ് പിണറായി വിജയൻ സർക്കാർ രണ്ടാമതും തിരിച്ച് വന്നതെന്നും കേരളത്തിലും ഡബിൾ എൻജിൻ സർക്കാർ വരാൻ സമയമായെന്നും അനിൽ ആൻ്റണി പറഞ്ഞു.

ഈ മാസം 27 വരെ സർക്കാരിനെതിരായ ബിജെപി പ്രതിഷേധങ്ങൾ തുടരും. ബൂത്തിലും പഞ്ചായത്തിലും മണ്ഡലത്തിലുമടക്കം പ്രതിഷേധം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കും.വിവിധ മോർച്ചകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

Advertisement