വാർത്താനോട്ടം,ഇത് ഇന്നത്തെ വാര്‍ത്താ ക്യാപ്സ്യൂള്‍

Advertisement

2023 മെയ് 20 ശനി

BREAKING NEWS

👉 യു ഡി എഫ് സെക്രട്ടറിയറ്റ് വളയൽ തുടങ്ങി; സർക്കാരിനെതിരായ കുറ്റപത്രം വായിക്കും.

👉 യു ഡി എഫ് സമരം: തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം; വലഞ്ഞ് ജനം.

👉 രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്നാം വർഷത്തിലേക്ക്.
ആഘോഷം വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയിൽ ‘പ്രോഗ്രസ് റിപ്പോർട്ട് വായിക്കും.

👉 ഇടത് സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൽ കരിദനമാചരിച്ച് ബിജെപി.

👉 കർണ്ണാടക: സിദ്ധരാമയ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഇന്ന് 12.30ന് ,
8 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

👉 ഇന്ന് കർണ്ണാടകയിൽ സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ മലയാളിയായ കെ.ജെ.ജോർജും.

👉 പങ്കാളിയെ കൈമാറിയ കേസിൽ പരാതിക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ വിഷം കഴിച്ച ഭർത്താവിനെ ഇന്ന് ചോദ്യം ചെയ്യും.

👉 എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ പിഴ ജൂൺ 5 മുതൽ

👉 ബ്രഹ്മപുരം ബയോമൈനിംഗ്: സോണ്ടാ കമ്പിനിയുടെ കരാർ റദ്ദാക്കാൻ കൊച്ചി കോർപ്പറേഷൻ നടപടി തുടങ്ങി

👉 ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് നേരെ അതിക്രമം; ദില്ലിയിൽ
ഐ ആർ എസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
കേരളീയം

🙏എസ്എസ്എല്‍സിക്ക് ഇത്തവണ 68,604 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്. കഴിഞ്ഞ തവണ 44,363 പേര്‍ക്കായിരുന്നു ഫുള്‍ എ പ്ലസ്. 24,241 പേര്‍ കൂടുതലായി ഫുള്‍ എ പ്ലസ് നേടി. പരീക്ഷ എഴുതിയ 4,19,363 വിദ്യാര്‍ത്ഥികളില്‍ 4,17,864 പേരാണു പാസായത്. 99.70 ശതമാനം വിജയം. വിജയശതമാനത്തില്‍ 0.44 ശതമാനം വര്‍ധന.

🙏പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. ജൂണ്‍ ഏഴു മുതല്‍ 14 വരെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

🙏റോഡ് ക്യാമറാ കരാറിനെ ന്യായീകരിച്ചും കെല്‍ട്രോണിന്റൈ നടപടികളെ ശരിവച്ചും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്. അഴിമതിയില്ലെന്നും കരാറുകളെല്ലാം സുതാര്യമാണെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാര്‍ നല്‍കാന്‍ കെല്‍ട്രോണിന് അധികാരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

🙏എരുമേലി കണമലയില്‍ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേര്‍ക്കും സര്‍ക്കാര്‍ പത്തു ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

🙏കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കര്‍ഷക സംഘടനയായ ഇന്‍ഫാം. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമായ വിധത്തില്‍ കാട്ടുമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്നതു തടയാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ലെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കുറ്റപ്പെടുത്തി.

🙏വന്യജീവി ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിഡി സതീശന്‍ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്.

🙏ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികാരോഗ്യനില പരിശോധിക്കാന്‍ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍. മെഡിക്കല്‍ ബോര്‍ഡാണ് ഈ നിര്‍ദ്ദേശം വച്ചത്. ഒരു ദിവസത്തെ പരിശോധനകൊണ്ട് പ്രതിയുടെ മാനസിക നില പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു.

🙏രാജ്യത്ത് ഏറ്റവുമധികം സംഘടിത അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിനെതിരേ സമര പരമ്പരകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🙏പോലീസ് തലപ്പത്തെ ചേരിപ്പോരാണ് ഐജി വിജയന്റെ സസ്പെന്‍ഷനിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ട്രെയിന്‍ തീവയ്പു കേസിലെ പ്രതിയെ കൊണ്ടുവരുന്നതിലെ സുരക്ഷാവീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരേയല്ല നടപടി.

🙏ബ്രഹ്‌മപുരത്തേക്കു മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇളവ് ആവശ്യപ്പെട്ട് എത്തിയ നഗരസഭ ചെയര്‍പേഴ്സന്റെ നിലപാടു ശരിയല്ലെന്നു മന്ത്രി പറഞ്ഞു.

🙏എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യും. 20 ലക്ഷത്തോളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്നാണു വാഗ്ദാനം.

🙏പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി കോട്ടയം മണര്‍കാട് സ്വദേശിനി ജൂബി ജേക്കബിനെ (26) വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊന്ന ഭര്‍ത്താവ് ഷിനോ മാത്യു വിഷം കഴിച്ചു ഗുരതരാവസ്ഥയില്‍. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വൈഫ് സ്വാപ്പിംഗ് കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജയിലില്‍നിന്നു ജാമ്യത്തിലറങ്ങിയത്.

🙏സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും നിക്ഷേപം സമാഹരിച്ചും ലക്ഷങ്ങളുമായി മുങ്ങിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറടയിലെ ട്രാവന്‍കൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ – ഓപ്പറേറ്റീവ് സോസൈറ്റി പ്രസിഡന്റ് കീഴാറൂര്‍ കുറ്റിയാണിക്കാട് ശാന്താ ഭവനില്‍ ബാലകൃഷ്ണന്റെ മകന്‍ അഭിലാഷ് ബാലകൃഷ്ണന്‍ (32) ആണ് പിടിയിലായത്.

🙏വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ ആലപ്പുഴയിലെ സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി. ടെമ്പോ -ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എ റെജീബ് അലിയെയാണ് പുറത്താക്കിയത്.

🙏തൃശൂര്‍ ആനന്ദപുരത്ത് ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചാലക്കുടി തുരുത്തി പറമ്പ് സ്വദേശി വെളിയത്ത് ഉണ്ണികൃഷ്ണന്റെ മകന്‍ ആദര്‍ശ് എന്ന 21 കാരനാണ് മരിച്ചത്.

🙏മലയാളി സൗദിയില്‍ കാറിടിച്ചു മരിച്ചു. ‘മൗലാന മദീന സിയാറ’ ഏജന്‍സി ഉടമ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദര്‍ മുസ്ലിയാര്‍ (50) ആണ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ കാറിടിച്ച് മരിച്ചത്.

ദേശീയം

🙏രണ്ടായിരം രൂപ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരത്തിന്റെ കറന്‍സികള്‍ ഉപയോഗിക്കാം. 2000 രൂപാ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടായിരത്തിന്റെ കറന്‍സികള്‍ ദിവസം ഇരുപതിനായിരം രൂപവരെ ബാങ്കുകളില്‍നിന്നു മാറ്റിയെടുക്കാവുന്നതാണ്. 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ റദ്ദാക്കി പകരം രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.

🙏റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിന് 87,416 കോടി രൂപ ഡിവിഡന്‍ഡായി നല്‍കും. ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ യോഗത്തിലാണ് തീരുമാനം.

🙏ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും നിയമനവും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ അതോറിറ്റി രൂപീകരിച്ച് ഓര്‍ഡിനന്‍സിറക്കി. സ്ഥലംമാറ്റം, നിയമന അധികാരം ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനാണ് ഓര്‍ഡിനന്‍സ്.

🙏കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. 8 മന്ത്രിമാരും ചുമതലയേല്‍ക്കും.
.

🙏ചിപ്പു ക്ഷാമംകൊണ്ടാണോ രണ്ടായിരത്തിന്റെ കറന്‍സി പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്.

കായികം

🙏ഐപിഎല്ലില്‍ ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 4 വിക്കറ്റിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ മികവില്‍ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. ഇതോടെ 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ 14 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി.

Advertisement