അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കണം,വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിക്കുന്നതായി പരാതി

Advertisement

കൊച്ചി. അരിക്കൊമ്പന്‍റെ പേരില്‍ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിക്കുന്നതായി പരാതി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാന്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന ഉറപ്പ് നല്‍കിയാണ് പണപിരിവ് നടക്കുന്നത്. വാട്ട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങളടക്കം കേന്ദ്രീകരിച്ച് പൊതുപ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ ശ്രീജിത് പെരുമന നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാസം 30നാണ് എറണാകുളം സ്വദേശി എന്നും അരിക്കൊമ്പനൊപ്പം എന്ന വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള മൃഗസ്നേഹികളെ ഗ്രൂപ്പിന്‍റെ ഭാഗമാക്കി. ജില്ലാതലങ്ങളിലും അംഗങ്ങളെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ തുടങ്ങി. എന്നാല്‍ വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ സംശയം തോന്നിയ പലരും ആശങ്കയറിയിച്ച് രംഗത്തെത്തുകയായിരുന്നു. അരിക്കൊമ്പനെ മുന്‍നിര്‍ത്തി വ്യാപകമായ പണപിരിവാണ് ലക്ഷ്യമിടുന്നതെന്ന് മനസിലാക്കിയ പലരും ഗ്രൂപ്പില്‍ നിന്നൊഴിഞ്ഞു. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെയെത്തിക്കാന്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇതിനായി സുപ്രീംകോടതിയില്‍ വരെ കേസ് നടത്തുമെന്നും പ്രഖ്യാപിച്ചായിരുന്നു പണപിരിവ്. എട്ട് ലക്ഷത്തോളം രൂപ ഇതിനകം സമാഹരിച്ചുകഴിഞ്ഞതായാണ് ഗ്രൂപ്പില്‍ നേരത്തെയുണ്ടായിരുന്നവരുടെ ആരോപണം. ഇവരുടെ പരാതിയനുസരിച്ച് പൊതുപ്രവര്‍ത്തകനായ അഡ്വ. ശ്രീജിത് പെരുമനയാണ് പൊലീസിനും വനംവകുപ്പിനും പരാതി നല്‍കിയത്

അരിക്കൊമ്പന്‍റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാനും നീക്കം നടന്നിരുന്നു. പണപിരിവിന് ചുക്കാന്‍പിടിക്കുന്നത് എറണാകുളം സ്വദേശിയായ ഒരാളും വിദേശ മലയാളിയായ വനിതയുമാണെന്നാണ് പരാതി. വിദേശ സംഭാവന ചട്ടങ്ങളടക്കം മറികടന്ന് ധനസമാഹരണം നടക്കുന്നുണ്ടെന്നാണ് പരാതി.

പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അരിക്കൊമ്പനെ മുന്‍നിര്‍ത്തി തയാറാക്കിയ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്

Advertisement