ഡോ. വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിനെ കുടവട്ടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Advertisement

കൊട്ടാരക്കര:
ഡോ. വന്ദന ദാസ് കൊലപാതകത്തിൽ പ്രതി സന്ദീപുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സന്ദീപിന്റെ അയൽവാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് സന്ദീപ് പോലീസിനെ വിളിച്ചുവരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയതും.
സന്ദീപ് ഇവിടെ എങ്ങനെയാണ് എത്തിയതെന്നും കാലിന് പരുക്ക് സംഭവിച്ചത് എങ്ങനെയാണെന്നും അമ്പേഷണ സംഘം ചോദിച്ചറിഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന അയൽവാസികളെയും ബന്ധുക്കളെയും ഇവിടേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് സമീപത്തെ സന്ദീപിൻ്റെ വീട്ടിലും തെളിവെടുപ്പിനായി എത്തിച്ചു. സന്ദീപ് നൽകിയത് പരസ്പര വിരുദ്ധമായ മൊഴിയായണെന്നാണ് വിവരം.കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. 7 വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്ന് വൈകിട്ടോടെ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിക്കും.ഇന്ന് രാത്രിയോടെ ആശുപത്രിയിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

Advertisement