എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ ആരോപണവിധേയനായ എ വിശാഖിനെ സിപിഎം പുറത്താക്കി

Advertisement

തിരുവനന്തപുരം.കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തില്‍ ആരോപണവിധേയനായ എ.വിശാഖിനെ സിപിഎം പുറത്താക്കി. ലോക്കല്‍ കമ്മിറ്റിയംഗമായ വിശാഖിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. വിവാദത്തില്‍ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് കേരള സര്‍വകലാശാലയും. ക്രിമിനല്‍ ആക്ടിവിറ്റിയാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം കേരള സര്‍വകലാശാലക്കും സിപിഎമ്മിനും ഒരുപോലെ നാണക്കേടായിരിക്കുകയാണ്. എ.വിശാഖിനെ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് സിപിഎം ലോക്കല്‍ കമ്മിറ്റി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. മുന്‍ മേയര്‍ സി.ജയന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ ഫ്രാക്ഷനും വിളിച്ചുചേര്‍ത്തു. എ.വിശാഖിനെ ഇന്നലെ എസ്.എഫ്.ഐയും പുറത്താക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സിപിഎം നേതൃത്വത്തില്‍ ചിലരുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ നാളെ ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. അതേസമയം, കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ് കാട്ടാക്കടയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

ആദ്യം പുറത്താക്കേണ്ടത് പ്രിന്‍സിപ്പാളിനെയാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്റെ പ്രതികരണം.

കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിഞ്ഞാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ആരോപിച്ചു.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. പുതിയ തിരഞ്ഞെടുപ്പ് തീയതി നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കും. കാട്ടാക്കടയിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പദവിയില്‍ നിന്നും ഡോ. ജി.ജെ.ഷൈജുവിനെ നീക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. ഇന്നലെ അദ്ദേഹത്തെ വൈസ് ചാന്‍സലര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയുടെ ജില്ലാ നേതാവാണ് ഡോ.ജി.ജെ.ഷൈജു എന്നതാണ് സിപിഎം പ്രതിരോധായുധമാക്കുന്നത്.

Advertisement