കോഴിക്കോട്. കക്കോടി ബൈപ്പാസിൽ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ കാറുമായി അഭ്യാസപ്രകടനം. കിലോമീറ്ററുകളോളം കാർ ഡ്രൈവർ ആംബുലൻസിന് വഴിയൊരുക്കാതെ മാർഗതടസ്സം സൃഷ്ടിച്ചു. രോഗിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ, കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിലാണ് കാറുമായുള്ള ഈ അഭ്യാസപ്രകടനം. ആംബുലൻസ് ഡ്രൈവർ നിരന്തരം ഹോൺ മുഴക്കിയിട്ടും, കാർ സൈഡ് നൽകാത്തതും ഇടയ്ക്ക് ബ്രേക്കിടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. കിലോമീറ്ററുകളോളമാണ് ഇത് തുടർന്നത്.
രോഗിയുടെ ബന്ധുക്കൾ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയെ തുടർന്ന് കാർ ഡ്രൈവറുടെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മാവൂർ റോഡിലുള്ള ഹൈലാന്റ് സിൽവർ ലാന്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കാറാണിതെന്നും കാർ ഓടിച്ചിരുന്നത് തരുൺ എന്നയാളാണെന്നും ആർടിഒ അറിയിച്ചു.