കൊല്ലത്ത് മരുന്നു സംഭരണ കേന്ദ്രം കത്തി നശിച്ചതിൽ എട്ടു കോടി രൂപയുടെ നഷ്ടം, വീണ ജോർജ്

Advertisement

തിരുവനന്തപുരം.കൊല്ലത്ത് മരുന്നു സംഭരണ കേന്ദ്രം കത്തി നശിച്ചതിൽ എട്ടു കോടി രൂപയുടെ നഷ്ടമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് .സമഗ്രമായ അന്വേഷണം നടത്താനും നിർദേശം. അഗ്നിരക്ഷാ സംവിധാനങ്ങളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരുന്നു ഗോഡൗൺ പ്രവർത്തിച്ചതെന്ന് ആരോപണം ശക്തം. ഗോഡൗണിന് പ്രവർത്തന അനുമതി നൽകിയതിൽ ജില്ലാ ഫയർ ഓഫീസർക്കും , കൊല്ലം കോർപ്പറേഷനും വീഴ്ച പറ്റി.

ജില്ലയിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും വിതരണം ചെയ്യേണ്ടുന്ന മരുന്നുകളും , വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളും കത്തി നശിച്ചതിലൂടെ 8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്ക്. എന്നാൽ മരുന്നുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ പ്രശ്നം ഉണ്ടാകില്ലെന്നും തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ഇടിമിന്നൽ ഉണ്ടായതിന് പിന്നാലെ തീപിടിച്ചെന്നാണ് സുരക്ഷാ ജീവനക്കാരൻ്റെ മൊഴി.വിവിധ തലങ്ങളിലെ ശാസ്ത്രീയ അന്വേഷണ റിപ്പോർട്ട് വന്നാൽ മാത്രമേ തീപിടുത്തം എങ്ങനെ ഉണ്ടായി എന്നതിൽ വ്യക്തത വരികയുള്ളൂ. അഗ്നി രക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കെട്ടിടത്തിൽ ഗോഡൗൺ പ്രവർത്തിപ്പിച്ചതിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന് വീഴ്ച ഉണ്ടായെന്ന ആരോപണം ശക്തമാണ്. ജില്ലാ ഫയർ ഓഫീസർ പരിശോധന നടത്തി അഗ്നിക്ഷ സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനത്തിന് ഏങ്ങനെ ലൈസൻസ് കൊടുത്തുവെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

Advertisement