വാർത്താ നോട്ടം

Advertisement

2023 മെയ് 18 വ്യാഴം

BREAKING NEWS

👉 സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രി. കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും.

👉 ശനിയാഴ്ച സത്യപ്രതിജ്ഞ.

👉ഇന്നു വൈകുന്നേരം ഏഴിന് ബെഗളൂരുവില്‍ നിയമസഭാകക്ഷി യോഗം

👉 തിരുവല്ല ആഞ്ഞിലിത്താനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ തിരുവല്ല താലൂക്കു ആശൂപത്രിയിലാക്കി.

കേരളീയം

🙏ഏഴു വര്‍ഷമായി കേരളത്തില്‍ 80,000 കോടി രൂപയുടെ വികസനം നടത്തിയെന്നു പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എല്‍ഡിഎഫ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ആര്‍ എസ് എസ്. ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മാപ്പെഴുതി പുറത്തിറങ്ങിയ
സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കുകയാണ് സംഘപരിവാര്‍.

🙏കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തു നടത്തുന്ന അന്വേഷണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ നിയമിച്ച വി.കെ. മോഹനന്‍ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്കുകൂടി നീട്ടി.

🙏ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കു നിയമനങ്ങളില്‍ കൂടുതല്‍ സംവരണം വേണമെന്നതടക്കമുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലെത്തിയാണ് കമ്മീഷന്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് കൈമാറിയത്.

🙏വടക്കന്‍ കേരളത്തെ ഭീകരവാദ ശ്രംഖലകളുടെ താവളമെന്ന് അധിക്ഷേപിച്ച് ‘ദ കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്തോ സെന്‍. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. മലപ്പുറവും കോഴിക്കോടും കാസര്‍കോടും ഉള്‍പെടുന്ന വടക്കന്‍ കേരളം ഭീകരവാദ ശ്രംഖലയാണെന്നു വിശദീകരിക്കുകയും ചെയ്തു.

🙏കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ‘ആള്‍മാറാട്ട’ സംഭവത്തില്‍ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോം അറിയിച്ചതാണ് ഇക്കാര്യം.

🙏പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെകൂടി എന്‍ഐഎ അറസ്റ്റു ചെയ്തു. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്.

🙏പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ അറസ്റ്റിലായ രണ്ടു വനം വികസന കോര്‍പറേഷന്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

🙏തിരുവല്ല ഫ്ളാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍. തുകലശ്ശേരി സ്വദേശി സിപി ജോണ്‍ ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. 11 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.

🙏ജിയോളജിസ്റ്റെന്ന വ്യാജേന പാറമട ഉടമയെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനേയും യുവതിയേയും അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയും ബിടെക് ബിരുദധാരിയുമായ രാഹുല്‍, കോഴിക്കോട് സ്വദേശിനിയും എം.എസ് സി ബിരുദധാരിയുമായ നീതു എസ് പോള്‍ എന്നിവരാണു പിടിയിലായത്.

🙏താമരശേരിയിലെ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി വെങ്കണക്കല്‍ മുഹമ്മദ് ഷിബില്‍ താമരശേരി പൊലീസില്‍ കീഴടങ്ങി. ഷാഫിയെകുറിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വിവരം നല്‍കിയത് ഷിബില്‍ ആയിരുന്നു.

🙏മൂന്നാറില്‍ പടയപ്പ എന്ന കാട്ടാനയെ തുരത്തുമെന്നു വനംവകുപ്പ്. സംസ്‌കരണ പ്ലാന്റിനു മുന്നില്‍ പച്ചക്കറി മാലിന്യങ്ങള്‍ ഇടരുതെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് വനംവകുപ്പ് നോട്ടീസ് നല്‍കി. പ്ലാന്റിനു ചുറ്റും പഞ്ചായത്ത് കമ്പിവേലി കെട്ടുന്നുണ്ട്.

🙏കൊച്ചി കലൂരില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് ഇതര സംസ്ഥാന യുവാക്കളെ അറസ്റ്റു ചെയ്തു. ആസാം സ്വദേശിനികളായ രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ബംഗാളികളായ ഗോപാല്‍ റോയ്, ബിഷ്ണു, യാക്കൂബ് അലി എന്നിവരാണു പിടിയിലായത്.

🙏കൊല്ലം ഉളിയക്കോവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.

🙏എറണാകുളം വാഴക്കാലയില്‍ എംഡിഎംഎ വില്‍പന നടത്തിയ യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. റാന്നി സ്വദേശിനി പില്‍ജ, മലപ്പുറം സ്വദേശി ഷംസീര്‍ എന്നിവരെയാണ് ത്യക്കാക്കര പൊലീസ് അറസ്റ്റു ചെയ്തത്.

🙏മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ 35 ദിവസം പ്രായമായ മകള്‍ അന്‍സിയയാണ് മരിച്ചത്.

🙏കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശി ഹഫ്സ റിഹാനത്ത് ഉസ്മാന്‍ ബംഗളൂരുവില്‍ പിടിയില്‍. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തയത്.

🙏ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജാ സത്യ (65)നാണ് പരിക്കേറ്റത്

ദേശീയം

🙏മണിപ്പൂരില്‍ കലാപത്തിന് ഇടയാക്കിയ ഭൂരിപക്ഷ സമുദായമായ മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി നടപടി.

🙏അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ മല്‍സരിക്കാന്‍ ശക്തിയും സ്വാധീനവുമുള്ള മേഖലകളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവസരം നല്‍കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ദേശീയകക്ഷികള്‍ എല്ലാ സീറ്റും കൈയടക്കിവച്ചാല്‍ ഐക്യം യാഥാര്‍ത്ഥ്യമാകില്ലെന്നും മമത. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുയുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്.

🙏ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീചന്ദ് പര്‍മാനന്ദ് ഹിന്ദുജ ലണ്ടനില്‍ അന്തരിച്ചു. 87 വയസായിരുന്നു.

🙏ഡല്‍ഹിയില്‍നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കുപോയ എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്കു പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല.

🙏റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുമായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി കൂടിക്കാഴ്ച നടത്തി.

അന്തർദേശീയം

🙏ജര്‍മ്മന്‍ പാര്‍ലമെന്റ് വളപ്പില്‍ പശുക്കളുമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ലെന്ന് ആരോപിച്ചാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പശുക്കളെയും പശുക്കുട്ടികളേയും പാര്‍ലമെന്റ് ഗാര്‍ഡനിലെത്തിച്ചു മേയാന്‍ വിട്ടത്.

🙏ഹാരി രാജകുമാരനേയും ഭാര്യ മേഗന്‍ മര്‍ക്കിലിനേയും പിന്തുടര്‍ന്ന് പാപ്പരാസികള്‍. ന്യൂയോര്‍ക്കിലെ അവാര്‍ഡു ദാന ചടങ്ങു കഴിഞ്ഞുപോകുകയായിരുന്ന അവരുടെ കാറിനെ പാപ്പരാസികള്‍ പിന്തുടരുകയായിരുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടത്തില്‍ അകപ്പെടേണ്ടതായിരുന്നെന്ന് ഹാരിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കായികം

🙏എ.ടി.കെ മോഹന്‍ ബഗാന് പേര് മാറ്റം. ജൂണ്‍ ഒന്നുമുതല്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

🙏ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. 37 പന്തില്‍ 82 റണ്‍സ് നേടിയ റിലീ റൂസ്സോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 213 റണ്‍സെടുത്തു.

🙏 കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 48 പന്തില്‍ 94 റണ്‍സ് എടുത്ത ലിയാം ലിവിംഗ്സ്റ്റണിന്റെ നേതൃത്വത്തില്‍ പൊരുതി നോക്കിയെങ്കിലും നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

🙏ഇറ്റാലിയന്‍ ഓപ്പണില്‍ ഇതിഹാസതാരം നൊവാക് ജോക്കോവിച്ചിന് ഞെട്ടിക്കുന്ന തോല്‍വി. ജോക്കോവിച്ച് സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 20 കാരനായ ഹോള്‍ഗര്‍ റൂണാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്.

Advertisement