വാർത്താനോട്ടം

Advertisement

2023 മെയ് 17 ബുധൻ

BREAKING NEWS

👉 കർണ്ണാടക മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊന്നിനും വഴങ്ങാതെ ശിവകുമാർ. സിദ്ധരാമയ്യ ,ഡി കെ തർക്കം നേത്രത്വത്തിന് തലവേദനയാകുന്നു.

👉 ഉത്തരേന്ത്യയിൽ വ്യാപകമായി എൻഐഎ റെയ്ഡ്. 100 ഇടങ്ങളിൽ പരിശോധന.

👉തിരുവനന്തപുരത്ത് പുത്തൻതോപ്പിൽ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ട കുട്ടിയും മരിച്ചു.അമ്മ ഇന്നലെ മരിച്ചിരുന്നു.

👉പശ്ചിമ ബംഗാളിലെ കേരളാ സ്റ്റോറി നിരോധനം സംബന്ധിച്ച് നിരോധനത്തിൽ സുപ്രിം കോടതി വിധി ഇന്ന്

👉മലമ്പുഴ പടലിക്കാട് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

👉 കാട്ടാക്കാട ക്രിസ്ത്യൻ കോളജിലെ യു ജി സി വിവാദം: കെ എസ് യു പരാതി നൽകി.

കേരളീയം

🙏കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിനേ എത്തൂവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം ശനിയാഴ്ച വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.

🙏പാഠപുസ്തകങ്ങളിലെ ചരിത്രം ആര്‍എസ്എസ് തിരുത്തുകയാണെന്നും കേരളത്തില്‍ അതു നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം ഒരു കാലത്തും ഇവിടെ നടപ്പാക്കില്ല. സാംസ്‌കാരിക വകുപ്പും തുഞ്ചന്‍ സ്മാരക ട്രസ്റ്റും തുഞ്ചന്‍ പറമ്പില്‍ എംടി ക്ക് ആദരമേകുന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

🙏മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ അകമ്പടി വാഹനം ഓടിച്ചുകയറ്റിയ ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം തവന്നൂരിലാണു സംഭവം. വാഹനത്തിലിരുന്ന് ലാത്തികൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. ചാലിലേക്കു വീണ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു.

🙏കൂടത്തായി കേസില്‍ ജോളിക്കെതിരെ മകന്റെ മൊഴി. റോയ് തോമസിന്റേത് ഉള്‍പ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയതെന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനല്‍കി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയെന്നും റെമോ റോയ് പ്രത്യേക കോടതിയില്‍ മൊഴി
നല്‍കി.

🙏പൊന്നമ്പലമേട്ടില്‍ പൂജ നടത്താന്‍ നാരായണനും സംഘത്തിനും വനത്തിലേക്കു പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത രണ്ടു വനം വകുപ്പു ജീവനക്കാര്‍ അറസ്റ്റില്‍. കെഎഫ്ഡിസി ഗവി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍, കെഎഫ്ഡിസി തോട്ടം തൊഴിലാളി സാബു എന്നിവരാണു
പിടിയിലായത്.

🙏പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയതല്ലെന്നും മലയരയരുടെ ഉത്സവത്തിന് പൂജ ചെയ്യാന്‍ അവര്‍ ക്ഷണിച്ചതനുസരിച്ചാണു പോയതെന്നും പൂജ നടത്തിയ തൃശൂര്‍ സ്വദേശി നാരായണന്‍. പോകുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്യാറുണ്ട്. പൂജയുടെ പേരില്‍ കേസെടുക്കേണ്ട
ആവശ്യമില്ല. മലയരയരുടെ ഉത്സവത്തന് പൊന്നമ്പലമേട്ടിലേക്കുള്ള വഴി തുറന്നിരുന്നു.

🙏പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ഇനി പൊന്നമ്പലമേടാണെങ്കില്‍ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നതെന്ന് അന്വേഷിക്കണം. അദ്ദേഹം പറഞ്ഞു.

🙏കുന്നംകുളം മരത്തംകോട് വെള്ളത്തിരുത്തിയില്‍ പടക്കം സൂക്ഷിക്കുന്ന ഗോഡൗണിനു തീ പിടിച്ചു. വടക്കാഞ്ചേരി അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

🙏തിരുവനന്തപുരം പുത്തന്‍തോപ്പില്‍ യുവതി ശുചിമുറിയില്‍ പൊള്ളലേറ്റു മരിച്ചു. ഒന്‍പതു മാസം പ്രായമുള്ള മകനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തന്‍തോപ്പ് റോജാ ഡെയ്ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു (23) ആണ് മരിച്ചത്.

🙏ആലുവയില്‍ തോട്ടുംമുഖത്ത് ഗതാഗത തടസമുണ്ടായപ്പോള്‍ നാട്ടുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ കാര്‍ യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്‌സ്വദേശി റോബിനാണ് പിടിയിലായത്. ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന ഇയാള്‍ അവധിക്കു വന്നതാണ്.

🙏കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്കു നഗ്‌നത പ്രദര്‍ശിപ്പിച്ച സഹയാത്രികന്‍ കോഴിക്കോട് സ്വദേശി സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തു. തൃശൂരില്‍നിന്നും എറണാകുളത്തേക്കു ഷൂട്ടിംഗിനായി പോകുകയായിരുന്ന സിനിമാപ്രവര്‍ത്തകയോടാണ് അങ്കമാലിയില്‍നിന്നു ബസില്‍ കയറിയ ഇയാള്‍ മോശമായി പെരുമാറിയത്.

🙏കാസര്‍കോട് കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ വേറെ വിവാഹ ബന്ധമുള്ള കാമുകിയെ കാമുകന്‍ വെട്ടിക്കൊന്നു. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 കാരി ദേവികയാണു കൊല്ലപ്പെട്ടത്. വിവാഹ മോചനം നടത്തി തന്നെ വിവാഹം കഴിക്കണമെന്ന് ദേവിക നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിനു കാരണമെന്നാണ് അറസ്റ്റിലായ പ്രതി സതീശിന്റെ മൊഴി.

🙏അകന്നു കഴിയുന്ന ഭാര്യയെയും മക്കളെയും അവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിലായി. പൂങ്കുളം ആനകുഴി ചരുവിള വീട്ടില്‍ രതീഷ് (38) ആണ് കോവളം പൊലീസിന്റെ അറസ്റ്റിലായത്. കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കുന്നതിനിടയിലാണ് ഭാര്യ ഗ്രീഷ്മയും മക്കളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച കയറി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തത്.

ദേശീയം

🙏കര്‍ണാടകത്തില്‍ സിദ്ധരാമയ്യ ആദ്യ രണ്ടു വര്‍ഷവും ഡി.കെ. ശിവകുമാര്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷവും മുഖ്യമന്ത്രിയാകും. ഇന്നു ബെഗളൂരുവില്‍ പ്രഖ്യാപനമുണ്ടാകും. ചര്‍ച്ച തുടരുകയാണ്. ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നിര്‍ദേശിക്കുന്ന മൂന്നു പേര്‍ക്കു മന്ത്രിസ്ഥാനവും നല്‍കും. എന്നാല്‍ ആദ്യ രണ്ടു വര്‍ഷം തനിക്കു മുഖ്യമന്ത്രിയാകണമെന്നാണു ശിവകുമാറിന്റെ വാദം.

🙏കഫ് സിറപ്പുകള്‍ കയറ്റുമതിക്കു മുമ്പ് സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധിക്കണം. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററാണു നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകള്‍ കഴിച്ച് കഴിഞ്ഞ വര്‍ഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നിരവധി പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.

🙏ചാരപ്രവര്‍ത്തനം നടത്തിയതിനു ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വിവേക് രഘുവന്‍ഷിക്കെതിരെ കേസ്. ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി വിദേശ ഏജന്‍സിക്ക് നല്‍കിയെന്നാണ് ആരോപണം.

🙏പഞ്ചാബിലെ പട്യാലയില്‍ ഗുരുദ്വാര പരിസരത്ത് മദ്യം കഴിച്ചതിന് 35 കാരിയെ വെടിവച്ചു കൊന്നു. പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ നിര്‍മല്‍ജിത് സിംഗ് സൈനിയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

അന്തർദേശീയം

🙏രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്. മേയ് 31 മുതല്‍ പത്തു ദിവസത്തേക്കാണു സന്ദര്‍ശനം. ജൂണ്‍ നാലിന് അയ്യായിരം വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന റാലി രാഹുല്‍ഗാന്ധി നയിക്കും.

🙏പ്രധാനമന്ത്രി
നരേന്ദ്രമോദി അടുത്ത മാസം 22 ന് അമേരിക്കയിലെത്തും. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ചയ്ക്കു പുറമേ, ജോ ബൈഡന്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും.

🙏മൂന്നു വര്‍ഷത്തിനകം 11,000
തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന്
ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോണ്‍. പുതിയ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്ന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി.

കായികം

🙏പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ 5 റണ്‍സിന് മലര്‍ത്തിയടിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന മുംബൈ ടീമിന് 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത പേസര്‍ മൊഹ്സീന്‍ ഖാനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് അഞ്ച് റണ്ണിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചത്.

🙏89 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനസിന്റെ മികവില്‍ ലഖ്‌നൗ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ടീമിന് കൂറ്റനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ടായിട്ടും അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 11 റണ്‍സ് നേടാനായില്ല. ഈ ജയത്തോടെ മുംബൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ലഖ്നൗ മൂന്നാം സ്ഥാനത്തെത്തി.

Advertisement