ജോസ് കെ മാണി,കോണ്ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ എതിർപ്പ് പരസ്യമാക്കി പിജെ ജോസഫ്

Advertisement

തിരുവനന്തപുരം. കൃത്യ സമയത്ത് യുഡിഎഫിനെ കാലുവാരി പുറത്തുപോയ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കോണ്ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ എതിർപ്പ് പരസ്യമാക്കി പിജെ ജോസഫ്.
അനാവശ്യ പ്രസ്താവനകൾ യുഡിഎഫ് നേതാക്കൾ ഒഴിവാക്കുന്നതാണ് മുന്നണിക്ക് നല്ലതെന്ന് ജോസഫിന്റെ മുന്നറിയിപ്പ്.
കെ സുധാകരനും രമേശ്‌ ചെന്നിത്തലക്കും പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസ് വിഭാഗത്തെ തിരികെ എത്തിക്കുന്നതിന് അനുകൂലമായി പ്രസ്താവന നടത്തിയിരുന്നു.

കെ സുധാകരൻ, രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ തുടങ്ങി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ തിരികെ എത്തിക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ ഔദ്യോഗിക ചർച്ചകൾ തുടങ്ങുന്നതിന് മുന്പ് തന്നെ പിജെ ജോസഫ് ഇടഞ്ഞു. മുന്നണിയുടെ ശക്തി മനസിലാകാത്തതു പോലെയാണ് ചില നേതാക്കളുടെ പ്രതികരണങ്ങളെന്ന് പി.ജെ.ജോസഫ് തുറന്നടിച്ചു. ജോസ് കെ മാണിയുടെ ശക്തി പാലായിൽ കണ്ടതാണെന്നും പരിഹാസം.

എൽഡിഎഫിൽ അർഹമായ പരിഗണന ലഭിക്കാത്ത ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാൻ നേതൃത്വം മുൻകൈ എടുക്കണമെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന

മുന്നണി വിട്ടവരെ തിരികെ എത്തിക്കുന്നതിന് കെ മുരളീധരനും അനുകൂലനിലപാട് ആണ്. ഏതെങ്കിലും പാർട്ടിയെ മുന്നണിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു

Advertisement