കാഞ്ഞങ്ങാട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് സ്റ്റേഷനിൽ ഹാജരായി

Advertisement

കാസർഗോഡ്:
കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ യുവാവ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (സബീഷ്-34) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 
ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലാണു കൊലപാതകം നടന്നത്. വൈകിട്ടാണു വിവരം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോഡ്ജിലായിരുന്നു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
 തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നിൽക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു സമ്മതിച്ചു. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു. 
ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി. മൃതദേഹം കാസർഗോഡ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Advertisement